മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി വിശ്വസിക്കാനാവാതെ ഉദ്ധവ് താക്കറെ. ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വ്യത്യസ്തമായ ഫലമാണ് നിയമസഭയിലുണ്ടായത്. വെറും നാലുമാസം കൊണ്ട് ഇങ്ങനെയൊരു അത്ഭുതം സംഭവിക്കുമോയെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.
‘മഹാരാഷ്ട്രക്കാരെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കോവിഡ് കാലത്ത് കുടുംബനാഥനെന്ന നിലയിൽ ഞാൻ പറഞ്ഞതൊക്കെ മഹാരാഷ്ട്ര ജനത ശ്രദ്ധിച്ചുകേട്ടു. പിന്നെ എങ്ങനെയാണ് അവർക്ക് എന്നോടിങ്ങനെ പെരുമാറാൻ സാധിച്ചത്. വെറും നാലുമാസം കൊണ്ട് അവർക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റുകൾ നേടാൻ സാധിച്ചത്? അത്തരമൊരു ഫലം ലഭിക്കാൻ എവിടെയാണ് അവർ മെഴുകുതിരി കത്തിച്ചത്?-64കാരനായ ഉദ്ധവ് ചോദിച്ചു.
ജനങ്ങൾ ഞങ്ങളെയാണ് ശ്രദ്ധിച്ചത്, അല്ലാതെ മോദിയെയോ അമിത് ഷായെയോ അല്ല. അവരെ ശ്രദ്ധിക്കില്ലെന്ന് ജനങ്ങൾ തന്നെ പറഞ്ഞു. അവരെ കേൾക്കുക പോലും ചെയ്യാതെ അവർ വോട്ട് ചെയ്തോ? ഒഴിഞ്ഞ കസേര എങ്ങനെ വോട്ടായി മാറി.-ഉദ്ധവ് വീണ്ടും ചോദിച്ചു.
ആരാണ് യഥാർഥ ശിവസേന? കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സംബന്ധിച്ച് ഞങ്ങൾക്ക് ഒരു തീരുമാനവും ലഭിച്ചിട്ടില്ല. എല്ലാം കോടതിയിൽ കെട്ടിക്കിടക്കുകയാണ്. ഈ വിജയത്തിനു പിന്നിൽ ഇ.വി.എം ആണെന്ന് ചിലർ പറയുന്നുണ്ട്. ആളുകൾ ഈ വിജയം അംഗീകരിച്ചുവെങ്കിൽ തനിക്കൊരു പ്രശ്നവുമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയിൽ 236 സീറ്റുകളിലാണ് മഹായുതി സഖ്യം മുന്നിട്ടു നിൽക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം 48 എണ്ണത്തിലും.
Author: VS NEWS DESK
pradeep blr