ലഖ്‌നൗ: സംഭാലിലെ ഷാഹി മസ്ജിദിന്റെ സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി മസ്ജിദ് കമ്മിറ്റിയിലെ സദര്‍ (ചീഫ്) സഫര്‍ അലി. ആള്‍ക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു എന്നും വെടിവെയ്പ്പുണ്ടായേക്കാം എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും സഫര്‍ അലി പറഞ്ഞു. എന്നാല്‍ പിന്മാറുന്നതില്‍ നിന്ന് ജനക്കൂട്ടത്തെ തടഞ്ഞത് ആരാണ് എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു
സംഭവം നടക്കുമ്പോള്‍ സര്‍വേ സംഘത്തോടൊപ്പം പള്ളിക്കുള്ളില്‍ ആയിരുന്നു സഫര്‍ അലി പറഞ്ഞു, ”തിരിച്ചു പോയി വീട്ടില്‍ നില്‍ക്കാന്‍ ഞാന്‍ ആളുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. പക്ഷേ ആരാണ് അവരെ തടഞ്ഞതെന്ന് എനിക്കറിയില്ല,’ അദ്ദേഹം വ്യക്തമാക്കി. പൊലീസും നിരന്തരമായി ആളുകളോട് പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭാല്‍ വെടിവെപ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
30 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ ഔഞ്ജനേയ കുമാര്‍, ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെന്‍സിയ, പോലീസ് സൂപ്രണ്ട് കെ കെ വിഷ്ണോയി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ ഔഞ്ജനേയ കുമാര്‍ പറഞ്ഞു. ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രാദേശിക ജനപ്രതിനിധികളുമായും സമൂഹത്തിലെ സ്വാധീനമുള്ള അംഗങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഗള്‍ രാജാക്കന്‍മാര്‍ പള്ളി പണിയുന്നതിനായി ക്ഷേത്രം തകര്‍ത്തുവെന്ന പരാതിയെ തുടര്‍ന്നാാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍വേ ആരംഭിച്ചത്.
ചൊവ്വാഴ്ച സര്‍വേയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ രണ്ടാം ഘട്ട പരിശോധനക്കായി സര്‍വേ സംഘം എത്തിയതോടെ ഷാഹി ജുമാമസ്ജിദിനു സമീപം നൂറുകണക്കിനാളുകളോളം പ്രതിഷേധക്കാര്‍ തടിച്ചുകൂടി. കനത്ത പൊലീസ് വിന്യാസത്തിന്റെ അകമ്പടിയോടെ എത്തിയ സര്‍വേ സംഘത്തിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞതോടെ രംഗം വഷളായി.
ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. നൗമാന്‍, ബിലാല്‍, നൈം മൊഹമ്മദ് കൈഫ് എന്നിവരാണ് മരിച്ചതെന്ന് മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ പറഞ്ഞു. കനത്ത പൊലീസ് സാന്നിധ്യത്തില്‍ രാത്രി 11 മണിയോടെ നൗമാന്റെയും ബിലാല്‍ അന്‍സാരിയുടെയും സംസ്‌കാര ചടങ്ങുകള്‍ നടന്നു. അതേസമയം മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സര്‍വേ പൂര്‍ത്തിയായതിന് ശേഷം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ആള്‍ക്കൂട്ടം മൂന്ന് ദിശകളില്‍ നിന്ന് കല്ലെറിയുകയായിരുന്നു