മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ വിജയത്തിന് അടിത്തറ പാകിയത് ആർഎസ്എസിന്റെ ജോയിന്റ് ജനറൽ സെക്രട്ടറി അതുൽ ലിമായെ. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്നത് സംഘടനയുടെ സ്വാധീനത്തെയും പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളെയും സാരമായി ബാധിക്കുമെന്നു മുൻകൂട്ടി കണ്ടാണ് അതുലിനെ ഇറക്കി ആർഎസ്എസ് കളംനിറഞ്ഞത്. മുംബൈ, പുണെ, നാഗ്പുർ തുടങ്ങിയ നഗര കേന്ദ്രങ്ങളിൽ വോട്ടർമാർക്കിടയിൽ വലിയ തോതിൽ പ്രചാരണം നടത്തി അവരെ ബിജെപിയിലേക്ക് എത്തിക്കുന്നതിൽ ആർഎസ്എസ് വഹിച്ച പങ്ക് ചെറുതല്ല. ജൂണിൽ പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിനു ശേഷമാണ് സംസ്ഥാനത്ത് ആർഎസ്എസ് കൂടുതൽ സജീവമായത്. നേതൃത്വം നൽകാൻ അതുലിനെ നിയോഗിച്ചതും ഈ സമയത്താണ്.
നാസിക്കിൽനിന്നുള്ള 54 കാരനായ അതുൽ ലിമായെ ഒരു എൻജിനീയറാണ്. മൂന്നു പതിറ്റാണ്ട് മുൻപ് ബഹുരാഷ്ട്ര കോർപ്പറേറ്റ് ജീവിതം ഉപേക്ഷിച്ചാണു മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനായി അതുൽ മാറിയത്. ആർഎസ്എസിൽ പ്രവർത്തിച്ചു തുടങ്ങിയകാലം മുതൽ ഫലപ്രദമായ നേതൃത്വ ശൈലിയിലൂടെ അതുൽ പേരെടുത്തു. റായ്ഗഡ്, കൊങ്കൺ, പടിഞ്ഞാറൻ മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിലെ അദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളും മറാത്ത്‌വാഡയും വടക്കൻ മഹാരാഷ്ട്രയും ഉൾക്കൊള്ളുന്ന ദേവഗിരി പ്രാന്തത്തിന്റെ സഹപ്രാന്ത പ്രചാരക് എന്ന നിലയിലുള്ള സേവനവും ജനങ്ങളുമായി കൂടുതൽ അടുക്കാൻ അദ്ദേഹത്തെ സഹായിച്ചു. സംഘ പ്രചാരകനായി നടന്നു മറാത്ത മണ്ണിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെയും സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികളെയും കുറിച്ച് അഗാധമായ ധാരണ വളർത്തിയെടുക്കാൻ വർഷങ്ങൾക്കുള്ളിൽ അതുലിന് കഴിഞ്ഞു.
2014ൽ മഹാരാഷ്ട്രയിൽ ബിജെപി അധികാരമേറ്റപ്പോൾ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവ ഉൾപ്പെടുന്ന പശ്ചിമ മഹാരാഷ്ട്ര മേഖലയുടെ മേൽനോട്ടം വഹിച്ചത് ലിമായെ ആയിരുന്നു. ഈ കാലയളവിൽ, ബിജെപി നേതാക്കളുടെയും അവരുടെ എതിരാളികളുടെയും ശക്തികളും പരാധീനതകളും ഉൾപ്പെടെയുള്ള രാഷ്ട്രീയ ഭൂപ്രകൃതിയെ കുറിച്ച് അദ്ദേഹം ആഴത്തിലുള്ള ഉൾക്കാഴ്ച നേടി. വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളിൽ പ്രധാന വ്യക്തികളെ നിയമിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
ഗവേഷണ സംഘങ്ങൾ, പഠന ഗ്രൂപ്പുകൾ, തിങ്ക് ടാങ്കുകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമായി മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ മുതൽ നയരൂപീകരണ ചട്ടക്കൂടുകൾ വരെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് അതുല്‍ ലിമായെ ആഴത്തിൽ പഠിച്ചു. 2017 ലെ മറാത്താ പ്രക്ഷോഭം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിനെ സഹായിച്ചതും അതുലാണ്. സംഘടനയ്ക്ക് കാര്യമായ സ്വാധീനമുള്ള നഗരപ്രദേശങ്ങളിലെ വോട്ടർമാർക്കിടയിൽ പ്രത്യേക ഊന്നൽ നൽകാൻ ആർഎസ്എസ് ശ്രദ്ധിച്ചു. ഇതിനായി ആർഎസ്എസ് കേഡർമാർ വിപുലമായി പ്രവർത്തിച്ചിരുന്നു. താഴേത്തട്ടിലുള്ള സമൂഹങ്ങളുമായി ഇടപഴകുന്നതിനു ആർഎസ്എസ് ശാഖകളെ പ്രയോജനപ്പെടുത്തി. സാമ്പ്രദായിക രാഷ്ട്രീയ ക്യാംപയിനുകളോടു നിസംഗത പുലർത്തിയേക്കാവുന്ന വോട്ടർമാരെ ആർഎസ്എസിന്റെ പ്രതിച്ഛായ ഉപയോഗിച്ച് അതുൽ ലിമായെ മഹായുതി സഖ്യത്തിലേക്ക് ആകർഷിക്കുകയായിരുന്നു.
Author: VS NEWS DESK
pradeep blr