തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കാനൊരുങ്ങി കെ സുരേന്ദ്രന്‍. രാജി വെക്കാന്‍ തയ്യാറാണ് എന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു എന്നാണ് വിവരം. എന്നാല്‍ സുരേന്ദ്രന്റെ ആവശ്യം കേന്ദ്ര നേതൃത്വം തള്ളി എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതിനിടെ ഇന്ന് 12 മണിക്ക് മാധ്യമങ്ങളെ കാണും എന്ന് കെ സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനാണ് തോല്‍വിക്ക് കാരണം എന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് മുന്നിലും ഈ ആരോപങ്ങള്‍ സുരേന്ദ്രന്‍ ഉയര്‍ത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.
ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് പാലക്കാട്ടെ ബിജെപിയുടെ മുന്നേറ്റം അട്ടിമറിച്ചത് എന്നാണ് സുരേന്ദ്രന്റെ ആരോപണം. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചു. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗണ്‍സിലര്‍മാര്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി കൃഷ്ണ കുമാറിനെതിരെ പ്രവര്‍ത്തിച്ചതായും സുരേന്ദ്രന്‍ ആരോപിക്കുന്നു.
പാലക്കാടിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വി സഹപ്രഭാരിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണം എന്നാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ ആവശ്യം. സംസ്ഥാനത്തെ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇവിടെ പരാജയപ്പെട്ടു എന്നതിലുപരിയായി വോട്ടില്‍ വലിയ ചോര്‍ച്ച ഉണ്ടായി എന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമാണ് ബിജെപി പാലക്കാട് തോല്‍വി സമ്മതിച്ചത്.
അന്ന് ഇ ശ്രീധരന്‍ യുഡിഎഫിലെ ഷാഫി പറമ്പിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അവസാന നിമിഷം കേവലം 3000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു സിറ്റിംഗ് എംഎല്‍എയായ ഷാഫി പറമ്പിലിന് ലഭിച്ചത്. അതിനാല്‍ തന്നെ ഇത്തവണ ഷാഫിയില്ലാത്ത പാലക്കാടില്‍ ജയിക്കാം എന്നായിരുന്നു ബിജെപി പ്രതീക്ഷ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലമാണിത്.
2016 ല്‍ ശോഭ സുരേന്ദ്രന് 40000 ത്തോളം വോട്ടും ലഭിച്ചിരുന്നു. ഇത്തവണയും ശോഭയെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഇത് തള്ളിയ ഔദ്യോഗികപക്ഷം സി കൃഷ്ണകുമാറിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. കൃഷ്ണ കുമാറിന് 37000 വോട്ട് മാത്രമാണ് നേടാനായത്. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്ന വിമര്‍ശനമാണ് സുരേന്ദ്രന് നേരെ ഉയരുന്നത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്നു പാലക്കാട്ട് ബിജെപിയിൽ പൊട്ടിത്തെറി.
സ്ഥാനാർഥിയാണു തോൽവിക്കു കാരണമെന്നു നഗരസഭാധ്യക്ഷയും സംസ്ഥാനസമിതി അംഗവുമായ പ്രമീള ശശിധരൻ തുറന്നടിച്ചു. രൂക്ഷവിമർശനമുയർത്തിയ ദേശീയസമിതി അംഗം എൻ.ശിവരാജൻ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ ആസ്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭാ മേഖലയിൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 6947 വോട്ടുകൾ ബിജെപിക്കു കുറഞ്ഞിരുന്നു. നഗരസഭയിലെ ഭരണവീഴ്ചയാണു തോൽവിക്കു കാരണമെന്നു ജില്ലാ കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് നൽകിയതായി വാർത്തകളുണ്ടായിരുന്നു. ഇതാണു നഗരസഭാധ്യക്ഷയെ പ്രകോപിപ്പിച്ചത്. തോൽവിയുടെ പശ്ചാത്തലത്തിൽ നടപടിയുണ്ടായാൽ നഗരസഭാംഗത്വം രാജിവയ്ക്കുമെന്നു ഭൂരിഭാഗം ബിജെപി അംഗങ്ങളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾത്തന്നെ നേതൃത്വത്തെ എതിർപ്പ് അറിയിച്ചതാണെന്നു പ്രമീള പറഞ്ഞു. ‘സ്ഥാനാർഥിയാകാൻ കൃഷ്ണകുമാർ മാത്രമേയുള്ളോയെന്നു പല വോട്ടർമാരും ചോദിച്ചു. ‘നോട്ട’യ്ക്കു വോട്ടു ചെയ്യുമെന്നു പലരും പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ നഗരപരിധിയിൽ 1500 വോട്ടാണു കുറഞ്ഞത്. ഏകദേശം അത്രയും വോട്ടുകൾ നോട്ടയ്ക്കു കിട്ടി’– പ്രമീള പറഞ്ഞു.
ബിജെപിയുടെ അടിത്തറയ്ക്കു കോട്ടമില്ലെന്നും മേൽക്കൂരയ്ക്കാണു തകരാറെന്നുമാണു ശിവരാജന്റെ വിമർശനം. സ്ഥാനാർഥിനിർണയത്തിൽ പാളിച്ചയില്ലെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയാണ് 3 പേരുടെ പട്ടിക തയാറാക്കിയത്. 2 പേർക്കു സ്ഥാനാർഥിയാകാൻ താൽപര്യമുണ്ടായിരുന്നില്ല. ഈ കുറിപ്പോടെ കേന്ദ്ര നേതൃത്വത്തിനു റിപ്പോർട്ട് നൽകുകയും തീരുമാനം അവിടെ കൈക്കൊള്ളുകയുമായിരുന്നു. കൃഷ്ണകുമാറിനും സ്ഥാനാർഥിയാകാൻ അവസാനനിമിഷം വരെ താൽപര്യമില്ലായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടി പറഞ്ഞിട്ടാണു മത്സരിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു. പാളിച്ചയുണ്ടായോയെന്നു പരിശോധിക്കേണ്ടതു നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു
Author: VS NEWS DESK
pradeep blr