Search
Close this search box.

ഷാജിക്കെതിരെ തെളിവെവിടെ? ഇത് എന്ത് കേസ്..? പ്ലസ് ടു കോഴക്കേസില്‍ സുപ്രീംകോടതി, ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്ക് ആശ്വാസം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിന് എതിരായ ഹര്‍ജികള്‍ എല്ലാം സുപ്രീംകോടതി തള്ളി. ഷാജിക്കെതിരെ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. സംസ്ഥാന സര്‍ക്കാരിനും ഇഡിയ്ക്കും കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ വിധി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടതിനെ സാധൂകരിക്കുന്ന ഒരു മൊഴി പോലും ഇല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത് എന്ത് തരം കേസാണ് എന്നും 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി പറഞ്ഞു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

KM Shaji

അതേസമയം അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ് എന്നും അത് പൂര്‍ത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ല എന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിചാരണ കോടതിയാണ് ഷാജി കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന് കണ്ടെത്തേണ്ടത് എന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചാല്‍ ഏതൊരു രാഷ്ട്രീയക്കാരന് എതിരെയും ബാലിശമായ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകുമെന്നായിരുന്നു കോടതിയുടെ മറുപടി.

2014 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെഎം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കി എന്നതാണ് കേസ്. മുസ്ലിം ലീഗില്‍ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയര്‍ന്ന് വന്നത്. എന്നാല്‍ പിന്നീട് ഇത് സിപിഎം ഏറ്റെടുക്കുകായിരുന്നു.

സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി. പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങി എന്നായിരുന്നു പരാതി. പ്രാഥമികാന്വേഷണത്തിന് ശേഷം പരാതിയില്‍ 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പിന്നാലെ കെഎം ഷാജിയും ഇഡിയ്‌ക്കെതിരെ കേസെടുത്തു. എന്നാല്‍ 2022 ല്‍ ഈ കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും ഇഡിയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. കെ എം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരും കോടതിയിലെത്തി.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು