സംഭവത്തില്‍ ആരവ് ഹര്‍ണി എന്ന യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആരവ് മലയാളിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്
ബെംഗളൂരു: ബെംഗളൂരുവില്‍ വ്ലോഗറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളി യുവാവിനായി അന്വേഷണം. അസം സ്വദേശിനി മായ ഗോഗോയിയാണ് മരിച്ചത്. ബെംഗളൂരുവിലെ ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ നെഞ്ചില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ആരവ് ഹര്‍ണി എന്ന യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആരവ് മലയാളിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്.
യുവതിയുടെ സുഹൃത്താണ് ആരവ്. ശനിയാഴ്ചയാണ് മായയും ആരവും അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. ഇരുവരും നവംബര്‍ 23ന് അപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. കൊലപാതകം നടന്നത് ഞായറാഴ്ചയാണെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തുണ്ട്.
മൃതദേഹത്തിനൊപ്പം കഴിഞ്ഞു
ചൊവ്വാഴ്ച പുലര്‍ച്ചെ വരെ യുവാവ് മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്നാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നത്. കോറമംഗളയിലാണ് യുവതി ജോലി ചെയ്തിരുന്നത്. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. പ്രാഥമികാന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
“ഞങ്ങൾ സംഭവ സ്ഥലത്തുണ്ട്. യുവതി ജോലി ചെയ്തിരുന്ന സ്ഥലത്തേക്ക് ഒരു ടീമിനെ അയച്ചിട്ടുണ്ട്. പ്രതി കേരളത്തിൽ നിന്നുള്ളയാളാണ്, കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ശ്രമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും”-സീനിയർ പൊലീസ് ഓഫീസറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുമായ (ഈസ്റ്റ്) ഡി ദേവരാജ് പറഞ്ഞു.
മുറിയിലെ പുതപ്പിലും തലയിലും രക്താംശമുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മായ. എച്ച്എസ്ആർ ലേഔട്ടിൽ ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുക്കുകയുമായിരുന്നുവെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
മൃതദേഹം മുറിച്ച് കഷണങ്ങളാക്കി മറ്റ് എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാന്‍ യുവാവ് പദ്ധതിയിട്ടിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആരാണ് മായ ഗോഗോയ് ?
യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ട വ്‌ലോഗറാണ് അസം സ്വദേശിനിയായ മായ. ഫാഷന്‍, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചുള്ള വീഡിയോകളാണ് ഇവര്‍ മുഖ്യമായും പങ്കുവച്ചിരുന്നത്. എന്നാല്‍ യൂട്യൂബില്‍ അടുത്ത നാളുകളിലൊന്നും ഇവര്‍ വീഡിയോകള്‍ പങ്കുവച്ചിട്ടില്ല.
Author: VS NEWS DESK
pradeep blr