മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എന്‍ ഡി എ സഖ്യ കക്ഷികളായ ബി ജെ പിക്കും ശിവസേനക്കും ഇടയില്‍ രൂപപ്പെട്ട തർക്കം അയയുന്നു. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എടുക്കാമെന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കി. “ഞാനൊരു തടസ്സമാകില്ലെന്ന് പ്രധാനമന്ത്രി മോദിയോട് പറഞ്ഞു. അദ്ദേഹം എന്ത് തീരുമാനിച്ചാലും ഞങ്ങൾ അംഗീകരിക്കും” ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുന്നണിയിലും പാർട്ടിയിലും ആരും അസ്വസ്ഥനല്ല, ഒരു സ്ഥാനത്തിനും അത്യാഗ്രഹമില്ലെന്നും കാവല്‍ മുഖ്യമന്ത്രി കൂടിയായ ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ദേവന്ദ്ര ഫഡ്നവിസിനെ ഒരു ഇടവേളക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലായിരുന്നു ബി ജെ പി. എന്നാല്‍ ഇതിനെതിരെ ശിവസേന ശക്തമായ എതിർപ്പുമായി രംഗത്ത് വന്നതോടെ സർക്കാർ രൂപീകരണം നീളുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി തങ്ങൾക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നതായും ശിവസേന നേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍ ഇത്തവണ എന്ത് വന്നാലും മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണം എന്ന നിലപാടിലായിരുന്നു ബി ജെ പി. ശിവസേനയുടെ പിന്തുണയില്ലെങ്കിലും എന്‍ സി പി പിന്തുണയില്‍ ബി ജെ പിക്ക് മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാന്‍ സാധിക്കും. 288 അംഗ നിയമസഭയില്‍ 132 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. ശിവസേനക്ക് 57 ഉം, എന്‍സിപിക്ക് 41 സീറ്റുകളുമാണുള്ളത്
അതേസമയം, ശിവസേന അയഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുള്ള യോഗം ഡല്‍ഹിയില്‍ നടക്കും. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡെ, എന്‍ സി പിയുടെ അജിത് പവാര്‍ എന്നിവര്‍ കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുമായാണ് കൂടിക്കാഴ്ച നടത്തുക.