ചെന്നൈ സൂപ്പർ കിംഗ്സ് അമ്പയർമാരെ വിലയ്ക്ക് വാങ്ങി, ലേലം അട്ടിമറിച്ചു’; വീണ്ടും ആരോപണങ്ങളുമായി ലളിത് മോദി

Lalit Modi Accuses N Srinivasan And Chennai Super Kings : ചെന്നൈ സൂപ്പർ കിംഗ്സ് ലേലം അട്ടിമറിച്ചു എന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ. ആൻഡ്രൂ ഫ്ലിൻ്റോഫിനെ ടീമിലെത്തിക്കാൻ ചെന്നൈ ലേലം അട്ടിമറിച്ചു എന്നും അമ്പയർമാരെ അവർ വിലയ്ക്ക് വാങ്ങാറുണ്ടായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു

ചെന്നൈ സൂപ്പർ കിംഗ്സിനെ വെട്ടിലാക്കി വീണ്ടും ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുടെ ആരോപണങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മുൻ സിഇഒയും ഐസിസി മുൻ ചെയർമാനുമായ എൻ ശ്രീനിവാസൻ ഐപിഎൽ ലേലം അട്ടിമറിച്ചു എന്നും അമ്പയർമാരെ വിലയ്ക്ക് വാങ്ങി എന്നും ലളിത് മോദി ആരോപിച്ചു. കൊച്ചി ടസ്കേഴ്സ് കേരള ടീമിൻ്റെ ഫ്രാഞ്ചൈസി കരാർ ഒപ്പിടാൻ ആവശ്യപ്പെട്ട് ശശി തരൂർ തന്നെ ഭീഷണിപ്പെടുത്തിയെന്നും ലളിത് മോദി ആരോപിച്ചിരുന്നു. രാജ് ഷമാനിയുടെ യൂട്യൂബ് പോഡ്കാസ്റ്റിലാണ് ലളിത് മോദിയുടെ ഞെട്ടിക്കുന്ന ആരോപണങ്ങൾ.

“ചെന്നൈ ലേലം അട്ടിമറിച്ചു. ഞങ്ങൾക്ക് ഫ്ലിൻ്റോഫിനെ ചെന്നൈക്ക് കൊടുക്കേണ്ടിവന്നു. എല്ലാ ടീമുകൾക്കും അതറിയാം. ഐപിഎൽ നടക്കാൻ ശ്രീനിവാസൻ സമ്മതിക്കുമായിരുന്നില്ല. അയാൾ ബോർഡിലെ മുള്ളായിരുന്നു. മറ്റ് ടീമുകളോട് ഫ്ലിൻ്റോഫിനെ എടുക്കരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. കാരണം ഫ്ലിൻ്റോഫിനെ തങ്ങൾക്ക് വേണമെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു. എൻ്റെ വലിയ എതിരാളിയായിരുന്നു അദ്ദേഹം. അമ്പയർമാരെ ഞാൻ വിലയ്ക്കെടുത്തു എന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹമാണ് അമ്പയർമാരെ മാറ്റുമായിരുന്നത്. ആദ്യം ഞാനത് ശ്രദ്ധിക്കുമായിരുന്നില്ല. പിന്നീട് മനസ്സിലായി, ചെന്നൈ അമ്പയർമാരെ ചെന്നൈ മത്സരങ്ങൾക്ക് നിയോഗിക്കുന്നു. ഇതൊക്കെ ഞാൻ ചോദ്യം ചെയ്തു. ഇതോടെ അദ്ദേഹം എനിക്കെതിരെ തിരിഞ്ഞു.”- ലളിത് മോദി ആരോപിച്ചു.

കൊച്ചി ടസ്കേഴ്സിൻ്റെ ഉടമകളുമായി ബന്ധപ്പെട്ട് തനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു എന്നും ലളിത് മോദി പറഞ്ഞിരുന്നു. ഉടമകളിൽ സുനന്ദ പുഷ്കർ എന്നൊരു പേര് കണ്ടു. അവർ പണമൊന്നും നിക്ഷേപിച്ചിരുന്നില്ല. എന്നാൽ, വരുമാനം അവർക്ക് ലഭിച്ചിരുന്നു. അതോടെ താൻ കരാർ ഒപ്പിടില്ലെന്ന് നിലപാടെടുത്തു. പിന്നാലെ ശശി തരൂർ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. ഒപ്പിട്ടില്ലെങ്കിൽ ഇഡിയെക്കൊണ്ട് റെയ്ഡ് ചെയ്യിക്കുമെന്നും അറസ്റ്റ് ചെയ്യിക്കുമെന്നും തരൂർ ഭീഷണിപ്പെടുത്തി. ഭീഷണിയ്ക്ക് വഴങ്ങാതെ ഫോൺ കട്ട് ചെയ്ത തന്നെ പിന്നീട് അന്നത്തെ ബിസിസിഐ പ്രസിഡൻ്റ് ശശാങ്ക് മനോഹർ വിളിച്ചു. കരാറൊപ്പൊട്ടില്ലെങ്കിൽ ഐപിഎൽ ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് കരാർ ഒപ്പിട്ടത്. പിറ്റേന്ന് സുനന്ദ പുഷ്കറും ശശി തരൂരും തമ്മിൽ വിവാഹിതരാവുന്നു എന്ന് പത്രത്തിൽ കണ്ടു. ഇതോടെ ഇക്കാര്യങ്ങളൊക്കെ താൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തി എന്നും ലളിത് മോദി പറഞ്ഞിരുന്നു.

 

2010, 2011, 2018, 2021, 2023 വർഷങ്ങളിൽ അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഏറ്റവും കൂടുതൽ തവണ ഐപിഎൽ ജേതാക്കളായിട്ടുള്ളത്. 2016, 2017 സീസണുകളിൽ വാതുവെപ്പിനെ തുടർന്ന് ടീമിനെ ഐപിഎലിൽ നിന്ന് വിലക്കിയിരുന്നു.

രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ വിമർശനം ശക്തമാണ്. മുൻപ് തന്നെ എൻ ശ്രീനിവാസൻ്റെ ഇടപെടലുകൾ ക്രിക്കറ്റ് ലോകത്ത് ചർച്ച ആയിരുന്നതാണ്. ഇക്കാലത്ത് തന്നെയായിരുന്നു വാതുവെപ്പ് ആരോപണത്തെ തുടർന്ന് ടീമിന് വിലക്ക് ലഭിക്കുന്നത്. പുതിയ ആരോപണങ്ങളുമായി ലളിത് മോദി രംഗത്തെത്തിയതോടെ ഐപിഎലിൻ്റെ സുതാര്യത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്ന് ഇഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ലളിത് മോദി ഇംഗ്ലണ്ടിലേക്ക് നാടുവിടുകയായിരുന്നു.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು