കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട 388 കുടുംബങ്ങളുടെ കരട് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. അപകട മേഖലയില്‍ വാസയോഗ്യമല്ലെന്ന് കണ്ടത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ രണ്ടാം ഘട്ടത്തില്‍ (Phase 2) പുനരധിവസിപ്പിക്കുന്നതാണെന്നും സർക്കാർ അറിയിച്ചു.
കരട് ലിസ്റ്റ് മാനന്തവാടി ആര്.ഡി.ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും എല്‍.എസ്.ജി.ഡിയുടെയും, ജില്ലാ ഭരണ കൂടത്തിന്റെയും വെബ് സൈറ്റുകളിലും പരിശോധനയ്ക്ക് ലഭിക്കും. (ലിങ്കുകൾ കമന്റ് സെക്ഷനിൽ ചേർത്തിട്ടുണ്ട്.പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷന്‍ കാര്‍ഡ് ജിയോറഫറന്‍സ് പ്രാഥമിക വിവരമായി കണക്കാക്കി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്പ്, കെ.എസ്.ഇ.ബി എന്നിവയുടെ ഗുണഭോക്തൃ ജിയോറഫറന്‍സ് വിവരങ്ങള്‍, റാപ്പിഡ് വിഷ്വല്‍ സ്ക്രീനിങ് വിവരങ്ങള്‍, സര്‍ക്കാര്‍ അനുവദിച്ച വീട്ടു വാടക കൈപ്പറ്റിയവരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ക്വാട്ടേഴ്സിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ വിവരങ്ങള്‍, പാടികളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
മാനന്തവാടി സബ് കളക്ടര്‍ തയ്യാറാക്കിയ ഒന്നാംഘട്ട കരട് പട്ടിക മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള പട്ടികുമായി ഒത്തുനോക്കി അതില്‍ ഒഴിവാക്കപ്പട്ടതും അധികമായി ഉള്‍പ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കി ആവശ്യമായ പരിശോധനകള്‍ക്കു ശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരട് ലിസ്റ്റ് അംഗീകരിച്ച് പ്രസിദ്ധീകരിക്കുന്നത്.പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാൻ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ 2025 ജനുവരി 10 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ആക്ഷേപങ്ങള്‍ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും subcollectormndy@gmail.com എന്ന ഇമെയിലിലും സ്വീകരിക്കും. ഓഫീസുകളിലും ഓണ്‍ലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും.
Author: VS NEWS DESK
pradeep blr