Bengaluru Nelmangla Accident News : സമാന്തരമായി ഒരു ദിശയിലേക്കാണ് ട്രക്കും എസ്‌യുവിയും സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഈ ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എസ്‌യുവിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. നെലമംഗല ടി ബേഗൂരിന് സമീപമാണ് അപകടമുണ്ടായത്
ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ബെംഗളൂരുവില്‍ രണ്ട് കുട്ടികളടക്കം ആറു പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ നെലമംഗലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് തുംകുരുവിലേക്ക് പോവുകയായിരുന്ന എസ്‌യുവിയും ട്രക്കുമാണ് അപകടത്തില്‍പെട്ടത്. വാരാന്ത്യ അവധിയായതിനാല്‍ നഗരത്തിന് പുറത്തേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു.
സമാന്തരമായി ഒരു ദിശയിലേക്കാണ് ട്രക്കും എസ്‌യുവിയും സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഈ ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എസ്‌യുവിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. നെലമംഗല ടി ബേഗൂരിന് സമീപമാണ് അപകടമുണ്ടായത്. കെ എ-01-എൻ ഡി-1536 രജിസ്‌ട്രേഷൻ നമ്പറിലുള്ള വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.
വിജയപുരയില്‍ നിന്നുള്ള ഒരു കുടുംബം ഒക്ടോബറിലാണ് ഈ വാഹനം വാങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. അപകടമുണ്ടായ ഉടന്‍ നാട്ടുകാരും യാത്രക്കാരും ഓടിയെത്തി. എസ്‌യുവിയിൽ നിന്ന് ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
മൂന്ന് ക്രെയിനുകൾ ഉപയോഗിച്ചാണ് വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയത്. മൃതദേഹങ്ങൾ നെലമംഗല സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ജയ്പുര്‍ അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു
രാജസ്ഥാനിലെ ജയ്പുരില്‍ ട്രാങ്കര്‍ ട്രക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി ഉയര്‍ന്നു. ഭാൻക്രോട്ട അജ്മീർ റോഡിലാണ് അപകടമുണ്ടായത്. രാസവസ്തുക്കളുമായി പോവുകയായിരുന്ന ട്രക്കും, എല്‍പിജിയുമായി പോവുകയായിരുന്ന വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തീപിടിത്തവുമുണ്ടായി. സമീപത്തുണ്ടായിരുന്ന ചില വാഹനങ്ങള്‍ കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ട്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്.
അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചിച്ചു. അപകടം വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
“ജയ്പൂരിൽ വാഹനാപകടത്തിൽ നിരവധി പേർ മരിച്ചെന്ന വാർത്ത വളരെ വേദനാജനകമാണ്. മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ”-രാഷ്ട്രപതി പ്രതികരിച്ചു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
“രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ അപകടത്തിൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുണ്ട്”-പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയും അപകടത്തില്‍ അനുശോചിച്ചു. അദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭജൻലാൽ ശർമ്മയുമായി സംസാരിച്ച് സംഭവത്തെ കുറിച്ച് വിലയിരുത്തി. സ്‌ഫോടനത്തിൻ്റെ ശബ്ദം 10 കിലോമീറ്റർ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു.
Author: VS NEWS DESK
pradeep blr