ഉണ്ണി മുകുന്ദൻ ആറാടുകയാണ്; ബുക്കിംഗിൽ ബോളിവുഡിനെ വിറപ്പിച്ച് മാർക്കോ, കളക്ഷൻ 100 കോടി തൊടുമോ?

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് കൂടി ചലച്ചിത്രമെന്ന വിശേഷണവുമായാണ് ഉണ്ണി മുകുന്ദൻ നായകനായ ഹനീഫ് അദേനി ചിത്രം ‘മാർക്കോ’ തിയ്യേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഇതിന് പിന്നാലെ ലഭിച്ചത്. ചെറുപ്പക്കാർ കൂടുതലായി ഏറ്റെടുത്ത ചിത്രത്തിന് ക്രിസ്‌മസ്‌ അവധിക്കാലത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ ചിത്രത്തിന്റെ പ്രശസ്‌തി അതിർത്തി കടന്നുവെന്ന് സൂചിപ്പിക്കുന്നതാണ്.

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ബോളിവുഡ് പതിപ്പിന് ആവശ്യക്കാർ ഏറുന്നുവെന്നും ഷോകളുടെ എണ്ണം ഉയർത്തിയെന്നുമാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിന്ദിയിൽ പ്രദർശനത്തിന് എത്തിയതിന് പിന്നാലെ മൂവി ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷോകളുടെ എണ്ണം ഒറ്റയടിക്ക് 140 എണ്ണത്തോളം വർധിപ്പിച്ചു എന്നാണ് സൂചന.
marcomoviecollectionnewകഴിഞ്ഞ ദിവസം തന്നെ ബോളിവുഡിൽ രൺബീർ കപൂർ നായകനായ സന്ദീപ് റെഡ്ഢി വാങ്ക ചിത്രം ‘ആനിമൽ’, ഇടക്കാലത്ത് സർപ്രൈസ് ഹിറ്റടിച്ച ‘കിൽ’ എന്നിവയെ കടത്തിവെട്ടുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിൽ ഉള്ളതെന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ കില്ലിന്റെ ലൈഫ് ടൈം കളക്ഷൻ മാർക്കോ മറികടക്കുകയും ചെയ്‌തുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇപ്പോഴിതാ ഷോകളുടെ എണ്ണം കൂടി ഉയർത്തിയതോടെ ചിത്രം ബോളിവുഡിൽ വലിയ മുന്നേറ്റം കളക്ഷനിൽ കാഴ്‌ച വയ്ക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അങ്ങനെയെങ്കിൽ ചിത്രത്തിന് 100 കോടി എന്ന നേട്ടം അധികം അകലെയാവില്ല. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മാർക്കോ മാറുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് മാർക്കോ കളക്ഷൻ 50 കോടി പിന്നിട്ടത്. വെറും നാല് ദിവസം കൊണ്ട് തന്നെ ചിത്രത്തിന്റെ ആഗോള കളക്ഷൻ 50 കോടി കടന്നിരുന്നു. ചിത്രത്തിന്റെ കളക്ഷനിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ നിന്നാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഓവർസീസ് മാർക്കറ്റിൽ നിന്ന് ഇതുവരെ മാർക്കോ 20 കോടിയിൽ അധികം രൂപ കലക്‌ട് ചെയ്‌തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇതേ നിലയ്ക്ക് തന്നെ കളക്ഷൻ തുടരുകയാണെങ്കിൽ മലയാളത്തിൽ നിന്ന് ഈ വർഷം പുറത്തിറങ്ങുന്ന മറ്റൊരു ബ്ലോക്ക് ബസ്‌റ്റർ എന്ന നേട്ടവും മാർക്കോയ്ക്ക് തന്നെ തേടി വരും. ഈ വർഷത്തെ അവസാനത്തെ ഹിറ്റ് എന്ന നേട്ടവും ഉണ്ണി മുകുന്ദന്റെ ചിത്രത്തിനായിരിക്കും ലഭിക്കുക. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് മാർക്കോ.

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ മിഖായേൽ എന്ന ചിത്രത്തിന്റെ വില്ലൻ കഥാപാത്രമായിരുന്നു മാർക്കോ ജൂനിയർ. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു ഈ കഥാപത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ ബേസ് ചെയ്‌ത്‌ ഹനീഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. വമ്പൻ ഹൈപ്പിലെത്തിയ സിനിമ കളക്ഷനിൽ വലിയ കുതിപ്പാണ് കാഴ്‌ച വയ്ക്കുന്നത്.

ഉണ്ണി മുകുന്ദനൊപ്പം തെലുങ്ക് നടി യുക്തിയാണ് നായികാ വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‌സ് എന്റർടൈൻമെന്റ്‍സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിൽ സംഗീതത്തിലൂടെ വലിയ പ്രേക്ഷക പ്രീതി നേടിയ കന്നഡ സംഗീത സംവിധായകൻ രവി ബസ്‌റൂർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
VS NEWS DESK
Author: VS NEWS DESK

pradeep blr