All We Imagine As Light OTT Release Date: ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം ലഭിച്ചിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.
അന്താരാഷ്ട്ര തലത്തില്‍ ഏറെ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം ലഭിച്ചിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.
ചിത്രം കഴിഞ്ഞ നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്തത്.ഏഷ്യാ പസഫിക് സ്ക്രീൻ അവാർഡിലെ ജൂറി ഗ്രാൻഡ് പ്രൈസ്, ഗോതം അവാർഡിലെ മികച്ച ഇന്‍റർനാഷനൽ ഫീച്ചർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ മികച്ച രാജ്യാന്തര ചിത്രം എന്നീ നേട്ടങ്ങളും കൈവരിച്ച ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.
മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ് സിനിമ. മലയാളി താരങ്ങളായ കനി കുസൃതി ,ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരത്തിന് ചിത്രം അർഹമായിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.
അതേസമയം കഴിഞ്ഞ ദിവസം മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇടം പിടിച്ചിരുന്നു. ഔദ്യോഗിക പേജിലൂടെയാണ് ഒബാമ ഇക്കാര്യം പങ്കുവച്ചത്. ബറാക് ഒബാമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ‘2024ലെ ബറാക് ഒബാമയുടെ പ്രിയപ്പെട്ട സിനിമകളിലെ ഞങ്ങളുടെ സിനിമയും ഇടം നേടിയതിൽ അഭിമാനിക്കുന്നു. ഈ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി,’ ദിവ്യപ്രഭയും കനിയും കുറിച്ചു.
Author: VS NEWS DESK
pradeep blr