ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ ആം ആദ്‌മി പാർട്ടിയുടെ ക്ഷേമ പദ്ധതികളെ കുറിച്ച് ലെഫ്. ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹിളാ സമ്മാൻ യോജന അടക്കമുള്ള പദ്ധതികളിൽ ലെഫ്. ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
‘തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം സ്ത്രീകൾക്ക് 2100 രൂപയും 60 വയസിന് മുകളിലുള്ള വയോജനങ്ങൾക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ രണ്ട് പദ്ധതികളും പൊതുജനങ്ങൾക്ക് വളരെ പ്രയോജനകരമായവയായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഇതിനകം തന്നെ അവയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇത് ബിജെപിയെ ചൊടിപ്പിക്കുകയായിരുന്നു’ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഇന്നാണ് വിഷയത്തിൽ ലെഫ്. ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടത്. യോഗ്യരായ വനിതാ വോട്ടർമാർക്ക് 2,100 രൂപ നൽകുമെന്ന എഎപിയുടെ പ്രഖ്യാപനത്തിന് പുറമേ ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വസതികളിൽ പഞ്ചാബിൽ നിന്നുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായുള്ള ആരോപണവും തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടതായി ഉയരുന്ന ആക്ഷേപവുമാണ് ഗവർണർ അന്വേഷണം ഉത്തരവിടാനുള്ള കാരണം.എന്നാൽ ഈ ആരോപണങ്ങളെല്ലാം എഎപി തള്ളുകയായിരുന്നു. ബിജെപി എല്ലാം തടയാനാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അവർ ജയിച്ചാൽ എല്ലാവരും ഡൽഹി വിടേണ്ടി വരുമെന്നുമാണ് കെജ്രിവാൾ ആരോപിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളാണ് ഈ പദ്ധതികൾ എന്നും ഇവ ഇതുവരെയും നടപ്പിലാക്കുക പോലും ചെയ്‌തിട്ടില്ലെന്നും കെജ്രിവാൾ ചൂണ്ടിക്കാണിക്കുന്നു.