ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല… ജയിലിലേക്ക്; വിധി കേട്ടതിന് പിന്നാലെ ബോബിക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളി. ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി കോടതി അറിയിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റേതാണ് വിധി. അതേസമയം ജാമ്യാപേക്ഷ തള്ളിയതായി കോടതി അറിയിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

തനിക്ക് ഉയര്‍ന്ന് രക്തസമ്മര്‍ദ്ദമുണ്ട് എന്നും അസ്വസ്ഥത നേരിടുന്നുണ്ട് എന്നുമായിരുന്നു ബോബി പറഞ്ഞത്. ഇതോടെ കോടതിയുടെ വിശ്രമമുറിയില്‍ വിശ്രമിക്കാന്‍ കോടതി ബോബിയോട് നിര്‍ദേശിക്കുകയായിരുന്നു. ബോബിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നാളെ തന്നെ ബോബി ചെമ്മണ്ണൂര്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും എന്നാണ് വിവരം.
നേരത്തെ ഹണി റോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി കോടതിയില്‍ പറഞ്ഞിരുന്നത്. നല്ല ഉദ്ദേശ്യത്തോടെ പൊതുവേദിയില്‍ ഉന്നയിച്ച വാക്കുകള്‍ നടി തെറ്റിദ്ധരിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നടി ഇതിന് മുന്‍പും തന്റെ സ്ഥാപനത്തിന്റെ പരിപാടികള്‍ക്ക് അതിഥിയായി എത്തിയിട്ടുണ്ട് എന്നും പ്രസ്തുത സംഭവം നാല് മാസങ്ങള്‍ക്ക് മുന്‍പ് നടന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം നടന്ന് ഇത്രയും നാളുകള്‍ക്ക് ശേഷം ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും പരിപാടിയുടെ വീഡിയോ നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇപ്പോഴും ഉണ്ട് എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. കോടതിയില്‍ ഇത് ഹാജരാക്കാം എന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതോടെ വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കുകയും പിന്നാലെ ജാമ്യം നിഷേധിക്കുകയുമായിരുന്നു. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും, ഹണി റോസിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പും അടക്കം നിര്‍ണായക തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും ഒളിവില്‍ പോകാന്‍ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് ബോബി ചെമ്മണ്ണൂരിനെ കോടതി റിമാന്‍ഡ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബോബിക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು