ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂര്‍ കവരൈപ്പേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കും. അപകടസ്ഥലത്ത് വിശദ പരിശോധനയ്ക്കായി എന്‍ഐഎ സംഘം എത്തി. റെയില്‍വേയുടെ ഉന്നതതല കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിരുന്നു. റെയില്‍ സേഫ്റ്റി കമ്മീഷണറും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
മാനുഷികമായ പിഴവാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. സിഗ്നലുകള്‍ എല്ലാം കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍ ലൂപ്പ് ലൈനിലൂടെ ട്രെയിന്‍ സഞ്ചരിച്ചതാണ് കൂട്ടിയിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മെയിന്‍ ലൈനിലൂടെ സഞ്ചരിക്കാന്‍ ട്രെയിനിന് സിഗ്നല്‍ നല്‍കിയിരുന്നു, എന്നാല്‍ അബദ്ധത്തിലേക്ക് ലൂപ്പ് ലൈനിലേക്ക് തിരിഞ്ഞതാണ് അപകട കാരണമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിംഗ് പറഞ്ഞു.
അതേസമയം അപകടത്തില്‍ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിരുന്നു. സതേണ്‍ സര്‍ക്കിള്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ എഎം ചൗധരി കവരൈപ്പേട്ട സ്റ്റേഷനിലെ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. എന്‍ഐഎയുടെ അന്വേഷണത്തിന്റെ ഭാഗമായി ഇവിടെ എത്തിയിട്ടുണ്ട്. ഇവര്‍ അട്ടിമറി സാധ്യതകളാണ് പരിശോധിക്കുക.
ട്രാക്കുകള്‍, പോയിന്റുകള്‍, ബ്ലോക്കുകള്‍, സിഗ്നലുകള്‍, സ്‌റ്റേഷന്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റം, കണ്‍ട്രോള്‍ പാനലുകള്‍, എന്നിവയെല്ലാം വിശദമായി അന്വേഷണ സംഘം പരിശോധിച്ചു. അതേസമയം പരുക്കേറ്റവരെ ആശുപത്രികളിലേക്കും, ബാക്കിയുള്ളവരെ ഇന്ന് രാവിലെ ട്രെയിനില്‍ അവര്‍ക്ക് പോകേണ്ട ഇടത്തേക്കുള്ള സൗകര്യം ഒരുക്കി യാത്രയാക്കുകയും ചെയ്തു.
അതേസമയം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മന്ത്രിമാരായ എസ്എം നാസറിനെയും, മറ്റ് സര്‍ക്കാര്‍ അധികൃതരെയും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട് മുഖ്യമന്ത്രി. ജില്ലാ കളക്ടര്‍ അടക്കം ഇവിടെ എത്തിയിട്ടുണ്ട്. പരുക്കേറ്റവരെ കാണാന്‍ സ്റ്റാന്‍ലി ആശുപത്രിയില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും എത്തിയിട്ടുണ്ട്.
22 ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് ഉദയനിധി പറഞ്ഞു. പരുക്കേറ്റ മൂന്ന് പേരെ സ്റ്റാന്‍ലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ അടക്കം അഞ്ച് പേരാണ് ഇവിടെയുള്ളത്. പരുക്കേറ്റ കൂടുതല്‍ പേരെ ഇവിടെ പ്രവേശിപ്പിക്കുന്നതിനായി കൂടുതല്‍ കിടക്കകള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് മൂന്ന് വിവാഹ ഹാളുകളിലായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം, ഉറങ്ങാനുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും ഉദയനിധി അറിയിച്ചു. ഇതുവരെ അപകടത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായിട്ടുണ്ടാവുന്ന ട്രെയിന്‍ അപകടങ്ങളെ ഗൗരവത്തോടെ കാണണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി പറഞ്ഞു.