അറബ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്; ഇസ്രായേലിനെ സഹായിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാവും

തെഹറാന്‍: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതിനിടെ അറബ് രാഷ്ട്രങ്ങള്‍ക്കും യുഎസ് സഖ്യകക്ഷികള്‍ക്കും ഇറാന്റെ മുന്നറിയിപ്പ്. ഗള്‍ഫ് രാജ്യങ്ങളോ അവരുടെ ആകാശപരിധിയോ ഇറാനെതിരെയുള്ള ആക്രമണത്തിന് ഇസ്രായേല്‍ ഉപയോഗിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലിനെ യുഎസ്സിന്റെ സഖ്യകക്ഷികള്‍ കൂടിയായ അറബ് രാഷ്ട്രങ്ങള്‍ സഹായിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇറാന്‍ ഭീഷണിയുമായി രംഗത്തെത്തിയത്. സൗതി അറേബ്യ, യുഎഇ, ജോര്‍ദാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ യുഎസിന് സൈനിക ക്യാമ്പുകളുണ്ട്.

ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് അടക്കം ഈ ആക്രമണം വേണ്ടെന്ന് ഇസ്രായേലിനോട് നിര്‍ദേശിച്ചെങ്കിലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വഴങ്ങിയിട്ടില്ല.

നേരത്തെ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു ഇറാന്‍. ഇതിന് തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രായേല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങളെയോ ആണവ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടാല്‍ അവരെ സൈനികമായി ദുര്‍ബലമാക്കാന്‍ കഴിയുമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍. ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും അറബ് രാജ്യങ്ങളെയും ആക്രമിക്കുമെന്നാണ് ഇപ്പോള്‍ ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അതേസമയം അറബ് രാഷ്ട്രങ്ങള്‍ വ്യോമപാത അടക്കം ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിക്കുന്നതിലുള്ള എതിര്‍ത്തപ്പറിയിച്ച് ജോ ബൈഡനുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയൊരു യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാന്‍ താല്‍പര്യമില്ല. തങ്ങളുടെ സൈനിക സംവിധാനങ്ങളോ, ആകാശപാതയോ ഈ ആക്രമണത്തിനായി ഉപയോഗിക്കരുതെന്നും ബൈഡനെ അറിയിച്ചിട്ടുണ്ട്.

യുദ്ധം ആരംഭിച്ചാല്‍ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്. അമേരിക്കന്‍ സൈന്യം വലിയ അളവില്‍ ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. സൈനിക നീക്കങ്ങള്‍ ഉണ്ടായാല്‍ അത് യുഎസ് സൈന്യത്തെ കാര്യമായി ബാധിക്കും.

ഏറ്റുമുട്ടല്‍ രൂക്ഷമായാല്‍ അത് ആഗോള എണ്ണ വിപണിയെ ബാധിക്കുമെന്ന ഭയം ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതി തന്നെ ഇതോടെ പ്രതിസന്ധിയിലാവും. ഇത് ആഗോള എണ്ണ വിലയില്‍ വലിയ വര്‍ധനവുണ്ടാക്കും. ആഗോള വിപണിയെ തന്നെ ഇവ നിശ്ചലമാക്കും.ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമാകില്ലെന്ന് സൗദി അറേബ്യ, യുഎഇ അടക്കം അറബ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ബഹ്‌റൈനും ഖത്തറും ഈ വിഷയത്തില്‍ യുഎസ്സിനെ ആശങ്കയറിയിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ അത് മേഖലയുടെ മൊത്തം സാമ്പത്തിക രംഗത്തെയും തകര്‍ക്കുമെന്ന് അറബ് നയതന്ത്രജ്ഞന്‍ സിഎന്‍എന്നിനോട് പറഞ്ഞു

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು