ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും അവയ്ക്ക് നൽകി വരുന്ന ധനസഹായം നിർത്തലാക്കണമെന്നുമുള്ള നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ കത്തയച്ചിരിക്കുന്നത്.’വിശ്വാസ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ? കുട്ടികളുടെ ജനാധിപത്യ അവകാശങ്ങളും മദ്രസകളും’ എന്ന റിപ്പോർട്ടിൽ രൂക്ഷമായ വിമർശനമാണ് കമ്മീഷൻ മദ്രസകൾക്ക് എതിരെ ഉന്നയിച്ചിരിക്കുന്നത്. പതിനൊന്ന് അധ്യായങ്ങൾ അടങ്ങിയ റിപ്പോർട്ടിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മദ്രസകൾ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ഉൾപ്പെടെ വിശദമായി പരാമർശിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.
കുട്ടികളുടെ മൗലിക അവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും തമ്മിലുള്ള വൈരുധ്യവും കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂങ്കോ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എല്ലാ കുട്ടികൾക്കും കൃത്യമായ വിദ്യാഭ്യാസം ലഭിക്കുന്നു എന്നുറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ കടമയാണെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
ഭരണഘടനയിലെ ആർട്ടിക്കിൾ 29ഉം 30ഉം ന്യൂനപക്ഷങ്ങൾക്ക് അവരുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അവകാശങ്ങൾ നൽകുമ്പോൾ, ഈ വ്യവസ്ഥകൾ വിദ്യഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന ഔപചാരിക വിദ്യാഭ്യാസം ഇല്ലാതാക്കുന്ന മദ്രസകളിലെ കുട്ടികളോടുള്ള വിവേചനത്തിന് കാരണമാവുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നത്.
മദ്രസകൾക്കും മദ്രസ ബോർഡുകൾക്കുമുള്ള സംസ്ഥാന ധനസഹായം നിർത്തലാക്കുന്നതും ഈ ബോർഡുകൾ അടച്ചുപൂട്ടുന്നതും ഉൾപ്പെടെയുള്ള ശുപാർശകളാണ് കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നത്. ഇതിന് പുറമേ മുസ്ലീം മതവിഭാഗത്തിൽപ്പെടാത്ത കുട്ടികളെ ആർടിഇ നിയമപ്രകാരം മദ്രസകളിൽ നിന്ന് പുറത്താക്കി ഔപചാരിക സ്‌കൂളുകളിൽ ചേർക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്‌തിട്ടുണ്ട്.
മതപഠനമാണ് മദ്രസകളുടെ പ്രധാന ലക്ഷ്യമെങ്കിലും, ഔപചാരിക വിദ്യാഭ്യാസത്തിന് ആവശ്യമായ സുപ്രധാന ഘടകങ്ങളായ അടിസ്ഥാന സൗകര്യം, പരിശീലനം ലഭിച്ച അധ്യാപകർ, ശരിയായ അക്കാദമിക പാഠ്യപദ്ധതികൾ എന്നിവ പല മദ്രാസുകളിലും നിലവിൽ ഇല്ലെന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്. ഇത് മുഖ്യധാരാ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് മദ്രസ വിദ്യാർത്ഥികളെ മോശമായി ബാധിക്കുന്ന കാര്യമാണെന്ന് റിപ്പോർട്ട് പറയുന്നു.
വേറെയും ഗുരുതരമായ ആരോപണങ്ങളാണ് മദ്രസകൾക്ക് എതിരെ റിപ്പോർട്ട് ഉയർത്തുന്നത്. കുട്ടികളുടെ ശാരീരിക സുരക്ഷ, കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പെടൽ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയും കമ്മീഷൻ എടുത്തുപറയുന്നുണ്ട്. മദ്രസകളുടെ പ്രവർത്തനത്തെ ചോദ്യം ചെയ്‌ത് യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമപോരാട്ടം നടക്കുന്നുണ്ട്. ഇതിനിടയിലാണ് നിർണായക നിർദ്ദേശം.
അതേസമയം, എൻസിപിസിആർ നിർദ്ദേശത്തെ സ്വാഗതം ചെയ്‌ത് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പകരം മദ്രസകൾ ഇസ്ലാമിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു ബിജെപി ദേശീയ വക്താവ് ആർപി സിംഗ് പ്രതികരിച്ചത്. എന്നാൽ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഇതിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.