ടെല്‍ അവീവ്: യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് വിലക്കേർപ്പെടുത്തിയ ഇസ്രായേല്‍ നടപടിയെ അപലപിച്ചുകൊണ്ടുള്ള കത്തില്‍ ഒപ്പുവെക്കാതെ ഇന്ത്യ. അടുത്തിടെയായി അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ സ്വീകരിച്ച് വരുന്ന പുതിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കത്തേയും വിലയിരുത്തപ്പെടുന്നത്. ഇസ്രായേലിനെതിരായി നിരവധി പ്രമേയങ്ങള്‍ സമീപകാലയളവില്‍ വന്നെങ്കിലും ഇതില്‍ നിന്നെല്ലാം ഇന്ത്യ വിട്ടുനില്‍ക്കുകയാണ്.
യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ 104 രാജ്യങ്ങളും ഗ്ലോബൽ സൗത്തിൻ്റെ ഭൂരിഭാഗവും ഒപ്പിട്ട കത്തിൽ നിന്നുള്ള ഇന്ത്യയുടെ പിന്‍വാങ്ങല്‍ ഇതിനോടകം ആഗോള രംഗത്തും ചർച്ചാ വിഷയമായി കഴിഞ്ഞു. ബ്രസീൽ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഇന്തോനേഷ്യ, സ്പെയിൻ, ഗയാന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ ചിലി മുന്‍കൈ എടുത്താണ് കത്ത് കൊണ്ടുവന്നത്.
ദക്ഷിണേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങള്‍ക്ക് പുറമെ പശ്ചിമേഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങളും കത്തില്‍ ഒപ്പുവെച്ചു. അന്റോണിയോ ഗുട്ടറിസിനെതിരായ നടപടി ആശങ്ക നിറയ്ക്കുന്നതിനോടൊപ്പം തന്നെ അപലപനീയവുമാണെന്നും കത്തില്‍ പറയുന്നു. “സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിക്കുകയും മാനുഷിക പിന്തുണ നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ ചുമതല നിർവഹിക്കാനുള്ള കഴിവിനെ ഇത്തരം നിലപാടുകള്‍ ദുർബലപ്പെടുത്തുന്നു” കത്തിൽ പറയുന്നു.
യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങളിൽ പത്തോളം രാഷ്ട്രങ്ങള്‍ കത്തില്‍ ഒപ്പുവെച്ചത ചിലിയുടെ നീക്കത്തിന്റെ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഫ്രാൻസ്, റഷ്യ, ചൈന, സ്ലോവേനിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ച പ്രമുഖർ. അതേസമയം, അമേരിക്ക, യുകെ, ജപ്പാൻ, തെക്കൻ കൊറിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ കത്തില്‍ ഒപ്പുവെച്ചില്ല.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ എടുത്ത ഏറ്റവും കടുത്ത നടപടികളിലൊന്നായിരുന്നു യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. വിവിധ ലോക രാജ്യങ്ങളുടെ ഭാഗത്ത് നിന്നും നിശിതമായ വിമർശനമാണ് ഇക്കാര്യത്തില്‍ ഇസ്രായേലിന് നേർക്ക് ഉയർന്നത്. ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയായിരുന്നു അന്റോണിയോ ഗുട്ടറസിന് വിലക്ക് പുറപ്പെടുവിച്ചത്.ഇറാന്റെ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ യു എന്‍ സെക്രട്ടറി ജനറല്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. ഇസ്രായേലിനെതിരെ ഹീനമായ ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അത്തരമൊരു ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്തവർക്ക് ഇസ്രായേലിന്റെ മണ്ണില്‍ കാലുകുത്താന്‍ അർഹതിയില്ലെന്നും തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി.