ഒരു മണിക്കൂറിൽ 1.76 ലക്ഷം ബുക്കിങ്ങുകൾ; ഇപ്പോഴിതാ ഥാർ റോക്‌സ് വിതരണം ആരംഭിച്ച് മഹീന്ദ്ര, വില എത്ര?

ആരാധകരുടെ ഏറെനാളത്തെ ആവശ്യത്തിനും കാത്തിരിപ്പിനും ഒടുവിലാണ് മഹീന്ദ്ര ഥാറിന്റെ 5-ഡോർ വകഭേദം വിപണിയിൽ അവതരിപ്പിച്ചത്. ഏറെ പ്രത്യേകളോട് കൂടിയ ഈ വാഹനം പക്ഷേ പൂർണമായി നിരത്തിൽ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം മുതലാണ് മഹീന്ദ്ര ഈ എസ്‌യുവിയുടെ വിതരണം ആരംഭിച്ചത്, അതും ഘട്ടംഘട്ടമായി മാത്രമാണ് നിലവിൽ കമ്പനി ഈ മോഡൽ രംഗത്ത് ഇറക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഈ വർഷം ആഗസ്‌റ്റ് 15നാണ് മഹീന്ദ്ര തങ്ങളുടെ ഓഫ്‌റോഡ് എസ്‌യുവിയുടെ കരുത്തേറിയ വകഭേദത്തെ എല്ലാവർക്കും മുൻപിലും കൊണ്ട് ചെന്ന് നിർത്തിയത്. മൂന്ന് ഡോറിന്റെ പരിമിതികളിൽ നിന്ന് മാറിയപ്പോൾ ഒട്ടേറെ അധിക ഫീച്ചറുകളും മഹീന്ദ്ര ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ആരാധകരുടെ മനംകവർന്ന വാഹനം വിതരണം ആരംഭിക്കുന്നത് രണ്ട് മാസത്തിന്റെ കാത്തിരിപ്പിന് ഒടുവിലാണ്. നിലവിൽ വാഹനം ഉപഭോക്താക്കൾക്ക് നൽകി തുടങ്ങിയിട്ടുണ്ട്.

പൂജ-ദീപാവലി ഉത്സവകാല വിൽപന ലക്ഷ്യമിട്ടാണ് മഹീന്ദ്രയുടെ നീക്കമെന്നാണ് വിലയിരുത്തൽ. നേരത്തെ തന്നെ ഒക്ടോബർ പകുതിയോടെ വാഹനം നിരത്തിൽ ഇറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഒക്ടോബർ മൂന്നിനായിരുന്നു വാഹനത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത്. എന്നാൽ ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ശരിക്കും വാഹനത്തിന് ലഭിച്ചതെന്ന് പറയാം. പല കമ്പനികൾക്കും സ്വപ്‌നം മാത്രമായ ഡിമാൻഡ് വാഹനത്തിനുണ്ടായി.

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഒരുലക്ഷം കടക്കുക എന്ന അത്ഭുത പ്രതിഭാസത്തിനും ഈ സമയം സാക്ഷ്യം വഹിക്കേണ്ടി വന്നു. ആദ്യ മണിക്കൂറിൽ 1.76 ലക്ഷം ബുക്കിംഗുകൾ വാഹനത്തിന് ലഭിച്ചു എന്നതാണ് കൗതുകകരമായ വസ്‌തുത. ഇതോടെയാണ് മഹീന്ദ്ര വാഹനത്തിന്റെ വിതരണം ഇനിയും നീട്ടേണ്ട എന്ന തീരുമാനത്തിൽ എത്തിയത്.

മഹീന്ദ്ര ഥാർ റോക്‌സ്: ഫീച്ചറുകൾ ഇങ്ങനെ

ഒരു ഓഫ്‌റോഡ് എസ്‌യുവി എന്ന നിലയിൽ ഇന്ത്യൻ മാർക്കറ്റിൽ എതിരാളികൾ ഇല്ലാതെ വാഴുന്ന മോഡലാണ് മഹീന്ദ്ര ഥാർ. പരുക്കൻ ബിൽഡ്, ഓഫ്-റോഡ് കഴിവുകൾ എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകത. ഏതൊരു ഓഫ്‌റോഡ് ഘട്ടത്തിനും ആവശ്യമായ തരത്തിൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കരുത്തുറ്റ എഞ്ചിൻ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഈ വാഹനത്തിനുണ്ട്.

ഒട്ടേറെ അത്യാധുനിക സാങ്കേതിക വിദ്യകൾ അടങ്ങിയ ഇന്റീരിയറും വാഹനത്തെ വേറിട്ട് നിർത്തുന്ന ഘടകങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം. വാഹനത്തിന്റെ പ്രധാന മാറ്റങ്ങളിൽ ഒന്ന് പാൻ സൺറൂഫ് ഉൾപ്പെടെയുള്ള ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ മുൻ മോഡലുകളിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ഇത് എത്തുന്നത്. നിലവിൽ ഈ വാഹനത്തിന് 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരെയാണ് വില (എക്‌സ് ഷോറൂം).

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനുകളുള്ള 1997 സിസി എഞ്ചിനാണ് പെട്രോൾ വേരിയന്റിന്റെ കരുത്ത്. ഇത് 12.4 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കരുതപ്പെടുന്നു. ഡീസൽ വേരിയന്റ് വേറെയുമുണ്ട്, അത് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനുകളുള്ള 2184 സിസി എഞ്ചിനാണ്. ഇപ്പോഴും വാഹനത്തിന്റെ ബുക്കിംഗ് തുടരുകയാണ്. മഹീന്ദ്രയുടെ ഡീലർഷിപ്പുകൾ മുഖേനയും വെബ്‌സൈറ്റ് മുഖേനയും നിങ്ങൾക്ക് ഈ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು