ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം ആരെന്ന് ചോദ്യത്തിന് പെട്ടെന്നൊരു ഉത്തരം നിങ്ങൾക്ക് നൽകാനാവില്ല. എന്നാൽ രണ്ടാമത് ആലോചിക്കുമ്പോൾ മനസിൽ വരിക സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, എംഎസ് ധോണി, രോഹിത് ശർമ്മ എന്നിവരുടെയൊക്കെ പേരുകൾ തന്നെയായിരിക്കും. ഇക്കൂട്ടത്തിൽ സച്ചിനും കോലിയുമൊക്കെ അത്രയധികം ആരാധക വൃന്ദം നേടിയെടുക്കുകയും ചെയ്‌തതിനാൽ ഉറപ്പായും അവരിൽ ഒരാൾ ആണെന്നെ നാം കരുതുകയുള്ളൂ.
എന്നാൽ ആ ധാരണകളെ എല്ലാം മാറ്റിമറിക്കുന്ന ഒരു വസ്‌തുതയുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം ഇവരിൽ ആരുമല്ല. ഇന്ത്യയിലെ മുഖ്യധാരാ ക്രിക്കറ്റ് പ്രേമികൾക്ക് അധികം അറിയാൻ ഇടയില്ലാത്ത ഒരു പേരാണ് ഈ താരത്തിന്റേത് എങ്കിലും മേൽപറഞ്ഞ താരങ്ങളുടെയെല്ലാം ആകെ ആസ്‌തി ചേർത്തുവച്ചാൽ പോലും അദ്ദേഹത്തിന്റെ അടുത്തെങ്ങും എത്തുന്നില്ല എന്നതാണ് വാസ്‌തവം. അദ്ദേഹമാണ് സമർജിത്‌സിൻഹ് രഞ്ജിത്‌സിംഗ് ഗെയ്‌ക്‌വാദ്.
ആരാണ് സമർജിത്‌സിംഗ് രഞ്ജിത്‌സിംഗ് ഗെയ്‌ക്‌വാദ്?
1967 ഏപ്രിലിലാണ് സമർജിത്‌സിംഗ് രഞ്ജിത്‌സിംഗ് ഗെയ്‌ക്‌വാദിന്റെ ജനനം. ബറോഡയിലെ രാജകുടുംബമായ ഗെയ്‌ക്‌വാദ് കുടുംബത്തിൽ സമർജിത്‌സിംഗ് പ്രതാപ്‌സിംഗ് ഗെയ്‌ക്‌വാദിന്റെയും ശുഭാംഗിനിരാജെയുടെയും ഏക മകനായാണ് അദ്ദേഹം പിറന്നുവീണത്. സമ്പന്നതയുടെ ആഴങ്ങളിലാണ് അദ്ദേഹം ജനയിച്ചുവീണത് എന്ന് വേണമെങ്കിൽ പറയാം. സ്‌കൂൾ പഠനകാലത്ത് തന്നെ ക്രിക്കറ്റിനോട് ഏറെ താൽപര്യം പ്രകടിപ്പിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
ക്രിക്കറ്റിൽ മാത്രമല്ല, ഫുട്‍ബോൾ, ടെന്നിസ് എന്നിങ്ങനെ കൈവച്ച മേഖലകളിൽ എല്ലാം മികച്ച പ്രകടനം തന്നെ സ്വന്തം പേരിലാക്കിയായിരുന്നു സമർജിത് കളം വിട്ടത്. എന്നാൽ ക്രിക്കറ്റിലാണ് അദ്ദേഹം കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്. എന്ന് മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂണമെന്റായ രഞ്ജി ട്രോഫിയിൽ ബറോഡയ്ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുമുണ്ട്.
ഒരു ടോപ്പ് ഓർഡർ ബാറ്റർ എന്ന നിലയിൽ, 1987/88, 1988/89 സീസണുകളിലാണ് അദ്ദേഹം ബറോഡയെ പ്രതിനിധീകരിച്ച് രഞ്ജി ട്രോഫിയിൽ കളിച്ചത്. ശേഷം വിരമിച്ചപ്പോൾ അദ്ദേഹം ബറോഡ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി മാറുകയും ചെയ്‌തു. അതുകൊണ്ട് തന്നെ ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്‌ടത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ചുരുക്കം.
രാജാവായി സ്ഥാനാരോഹണം
പിന്നീട് 2012ൽ, അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തെത്തുടർന്ന്, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായ ലക്ഷ്‌മി വിലാസ് കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ സമർജിത്‌സിംഗ് ഗെയ്‌ക്‌വാദ് ബറോഡ മഹാരാജാവായി കിരീടമണിഞ്ഞു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇതോടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുടെ അവകാശിയായി അദ്ദേഹം മാറുകയും ചെയ്‌തു.
20,000 കോടിയിലധികം രൂപയുടെ സ്വത്താണ് അദ്ദേഹത്തിന്റെ കീഴിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നായ ലക്ഷ്‌മി വിലാസ് പാലസും ഇതിൽ ഉൾപ്പെടുന്നു. 500 ഏക്കറിൽ പരന്നുകിടക്കുന്ന ഈ കൊട്ടാരം ഇംഗ്ലീഷ് രാജകുടുംബത്തിന്റെ വസതിയായ ബക്കിംഗ്ഹാം പാലസിനെക്കാൾ വലുതാണ്. വാങ്കനീർ രാജകുടുംബാംഗമായ രാധികരാജെയെയാണ് സമർജിത്‌സിംഗ് വിവാഹം കഴിച്ചത്.