കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറി. പവന്‍ വില 57000 കടന്നു. അന്തര്‍ദേശീയ വിപണിയിലും വില വര്‍ധിച്ചുവരികയാണ്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരുന്നതാണ് വില കൂടാന്‍ കാരണം. ഇനി ലാഭമെടുപ്പുകാര്‍ വിറ്റഴിച്ചാല്‍ മാത്രമാകും വിലയില്‍ അല്‍പ്പമെങ്കിലും കുറവ് വരിക. വന്‍ തോതിലുള്ള വില വര്‍ധനവ് സാധാരണക്കാരെ സ്വര്‍ണത്തില്‍ നിന്ന് അകറ്റിയേക്കും.
വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ്. പവന്‍ ആഭരണം കിട്ടണമെങ്കില്‍ 62000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. വിവാഹ പാര്‍ട്ടിക്കാര്‍ കുറഞ്ഞത് 10-15 പവന്‍ ആണ് വാങ്ങാറുള്ളതെന്നും 10 പവന്‍ വാങ്ങുമ്പോള്‍ ആറര ലക്ഷം രൂപ വേണ്ടി വരുമെന്നും ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. മുന്‍കൂര്‍ ബുക്കിങ് മാത്രമാണ് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ആശ്വാസമുള്ള വഴി.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57120 രൂപയാണ് നല്‍കേണ്ടത്. ആദ്യമായിട്ടാണ് പവന് 57000 കടക്കുന്നത്. ഇന്ന് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 7140 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5900 രൂപയായി. 35 രൂപയാണ് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത്. വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 98 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്താല്‍ പവന്‍ ആഭരണത്തിന് 62000 രൂപ കടക്കും.
24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപയ്ക്ക് മുകളിലാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2667 ഡോളറിലെത്തി. വൈകാതെ 2700ലെത്തുമെന്ന് പറയപ്പെടുന്നു. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ വില 58000 രൂപയിലെത്തിയേക്കും. ആഗോള രാഷ്ട്രീയ, സാമ്പത്തിക സാഹചര്യം സുസ്ഥിരമല്ല. ഓഹരി വിപണികളിലും ചാഞ്ചാട്ടമുണ്ട്. ഇതോടെയാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരും കേന്ദ്ര ബാങ്കുകളും ആകര്‍ഷിക്കുന്നത്.
കേരളത്തില്‍ ഈ മാസം ഏറ്റവും കുറഞ്ഞ സ്വര്‍ണ വില രേഖപ്പെടുത്തിയത് 10ാം തിയ്യതിയാണ്. 56200 രൂപയായിരുന്നു അന്ന് പവന്‍ വില. ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കേണ്ടതാണ്. എന്നാല്‍ മറ്റു അസ്ഥിരതകളാണ് സ്വര്‍ണത്തെ ആകര്‍ഷകമാക്കുന്നത്. ഡോളര്‍ സൂചിക 103.23 എന്ന നിരക്കിലാണുള്ളത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ 84.05 എന്ന നിരക്കിലാണ്.
ക്രൂഡ് ഓയില്‍ വില ദിവസങ്ങള്‍ക്ക് ശേഷം ഉയരുന്നു എന്നാണ് പുതിയ വിപണി വിവരം. ബ്രെന്റ് ക്രൂഡ് ബാരലിന് 74.46 ഡോളര്‍ എന്ന നിരക്കിലെത്തി. ഡബ്ല്യുടിഐ, മര്‍ബണ്‍ ക്രൂഡുകള്‍ യഥാക്രമം 70.82, 74.53 നിരക്കിലാണുള്ളത്. ബ്രെന്റ് ക്രൂഡിനേക്കാള്‍ വില യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് വരുന്നു എന്നതും എടുത്തുപറയേണ്ട മാറ്റമാണ്. കഴിഞ്ഞാഴ്ച 80 ഡോളറിനടുത്ത് വരെ എത്തിയ ശേഷം ക്രൂഡ് വില ഇടിയുകയായിരുന്നു.
അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ അടുത്ത മാസം മുതല്‍ കാര്യമായ വിപണി ഇടപെടലിന് ഭരണകൂടത്തിന് സാധിക്കില്ല. പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങള്‍ ആശങ്കയില്‍ തന്നെയാണുള്ളത്. എണ്ണ വില ഉയരണമെന്ന് ആഗ്രഹിക്കുന്നവരാണ് സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍. ഈ സാഹചര്യത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം വരുന്നത് വരെ സ്വര്‍ണവില കൂടാന്‍ തന്നെയാണ് സാധ്യത.