Search
Close this search box.

ജലനിരപ്പ് പെട്ടെന്ന് ഉയർന്നു; മണിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും കവിഞ്ഞ് വെള്ളം പുറത്തേക്കൊഴുകി

കനത്ത മഴയിൽ കക്കാട്ടാറ്റിൽ ജല നിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് പമ്പാ ജലസേചന പദ്ധതിയുടെ മണിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും കവിഞ്ഞ് വെള്ളം പുറത്തേക്കൊഴുകി. അണക്കെട്ടിലെ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്താൻ മണിക്കൂറുകൾ വൈകി. ഷട്ടറുകൾക്കു മുകളിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയതോടെ മണിയാറിലും സമീപ പ്രദേശത്തുള്ളവരും പരിഭ്രാന്തരായി. പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ ഷട്ടറുകളുടെയും മുകളിലൂടെ വെള്ളം ഒഴുകുന്നത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ ഒരു വർഷമായി അണക്കെട്ടിലെ 5 ഷട്ടറുകളുടെയും അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. ഉച്ചയ്ക്കു ശേഷം പദ്ധതിയുടെയും സമീപ സ്വകാര്യ പദ്ധതികളായ കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, അള്ളുങ്കൽ ഇഡിസിഎൽ എന്നീ പദ്ധതികളുടെ ജല സംഭരണ മേഖലയിലും ശക്തമായ മഴയായിരുന്നു. കക്കാട്ടാറ്റിൽ ജല നിരപ്പ് ഉയർന്നതോടെ അണക്കെട്ടിനു മുകളിലത്തെ ഇരു പദ്ധതികളുടെയും ഷട്ടറുകൾ അഞ്ച് മണിയോടെ ഉയർത്തി. തുടർന്ന് മിനിറ്റുകൾക്കകം വെള്ളം മണിയാർ അണക്കെട്ടിലേക്കു എത്തിയതോടെയാണ് ഷട്ടറുകൾ കവിഞ്ഞ് വെള്ളം ഒഴുകാനുള്ള കാരണമെന്ന് പിഐപി അധികൃതർ പറഞ്ഞു.

അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്കിടയിലും മണിയാർ കാർബോറാണ്ടം ജല വൈദ്യുത പദ്ധതിയിലെ വൈദ്യുതോൽപാദനത്തിനായി 5 ഷട്ടറുകളും ഒരു പോലെ ഉയർത്തി വെള്ളം തടഞ്ഞ് നിർത്തിയിരിക്കുകയായിരുന്നു. ഇലക്ട്രിക് വെൽഡിങ്ങും ഗ്യാസ് വെൽഡിങ്ങും ഒരു പോലെ നടക്കുന്നതിനാൽ ഷട്ടറുകൾ ഉയർത്തുന്ന ഗെയ്റ്റിലേക്കുള്ള വൈദ്യുതി കണക്‌ഷനുകളും വിഛേദിച്ചിരുന്നു. സംഭരണിയിൽ വെള്ളം ഉയർന്നപ്പോൾ വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ച് ഷട്ടർ തുറക്കാൻ ശ്രമിച്ചെങ്കിലും കേബിൾ ഷോർട്ടായി. ഇതോടെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി.

ഇതിനിടെ അണക്കെട്ടിൽ ഉണ്ടായിരുന്ന ജീവനക്കാർ യാന്ത്രികമായി ഏറെ പണിപ്പെട്ട് നാലാം നമ്പർ ഷട്ടർ സന്ധ്യയോടെ കുറെ ഉയർത്തി. രാത്രി വൈകി വൈദ്യുതി പുനഃസ്ഥാപിച്ച ശേഷമാണ് ഒന്ന്, രണ്ട്, നാല് ഷട്ടറുകൾ യഥാക്രമം 100,250, 150 സെന്റി മീറ്റർ വീതം ഉയർത്താൻ കഴിഞ്ഞത്. സംഭരണിയിലെ ജല നിരപ്പ് താഴ്ന്ന ശേഷമാണ് മറ്റുള്ള ഷട്ടറുകൾക്കു മുകളിലൂടെ വെള്ളം പുറത്തേക്കൊഴുകുന്നതു നിലച്ചത്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು