അസംസ്‌കൃത എണ്ണയ്ക്ക് വേണ്ടി ഇന്ത്യ പുതിയ രാജ്യത്തെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാരമ്പര്യമായി ഇന്ത്യ എണ്ണ വാങ്ങിയിരുന്നത് സൗദി അറേബ്യയും ഇറാഖും ഉള്‍പ്പെടെയുള്ള ഗള്‍ഫ്-പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു എങ്കില്‍ രണ്ട് വര്‍ഷമായി എല്ലാവരെയും അമ്പരപ്പിച്ച് റഷ്യയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ ചിത്രം വീണ്ടും മാറുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ലോകത്ത് എണ്ണ നിക്ഷേപം വന്‍തോതിലുള്ള നിരവധി രാജ്യങ്ങളുണ്ട്. എന്നാല്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഉപരോധം കാരണം എല്ലാ രാജ്യങ്ങള്‍ക്കും വില്‍പ്പന സാധ്യമാകുന്നില്ല. ഇറാനും റഷ്യയുമെല്ലാം ഇതില്‍പ്പെടും. ഇറാന്റെ എണ്ണ അമേരിക്കയുടെ ഉപരോധം മറികടന്ന് ചൈനയില്‍ എത്തുന്നു എന്ന വാര്‍ത്തകളുമുണ്ട്. അതിനിടെയാണ് ഈ രംഗത്തേക്ക് മറ്റൊരു രാജ്യത്തിന്റെ അതിവേഗമുള്ള വരവ്
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്ന് വന്‍തോതില്‍ എണ്ണ കയറ്റുമതി തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിനിടെ വെനസ്വേല ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്തത് കഴിഞ്ഞ മാസമാണ്. ഓരോ ദിവസവും 9.5 ലക്ഷം ബാരല്‍ എണ്ണയാണ് ഈ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. കൂടുതല്‍ വാങ്ങിയത് അമേരിക്ക തന്നെയാണ്. പിന്നെ ഇന്ത്യയും. എല്ലാത്തിനും മുകളില്‍ ചൈനയുമുണ്ട്.
വെനസ്വേലയുടെ എണ്ണ കമ്പനിയായ പിഡിവിഎസ്എയുടെയും ചരക്കു കടത്തിന്റെയും ഡാറ്റകള്‍ പരിശോധിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അഴിമതിയ്ക്കും രാഷ്ട്രീയ കലഹങ്ങള്‍ക്കും പുറമെ അമേരിക്കന്‍ ഉപരോധവുമാണ് വെനസ്വേലന്‍ സാമ്പത്തിക രംഗത്തെ വരിഞ്ഞുമുറുക്കുന്നത്. രാജ്യത്ത് കൂടുതല്‍ എണ്ണ ശേഖരമുള്ള ഒറിനോക്കോ ബെല്‍റ്റില്‍ നിന്ന് ഉല്‍പ്പാദനം വര്‍ധിപ്പിച്ചു എന്ന് പിഡിവിഎസ്എയുടെ രേഖകള്‍ വ്യക്തമാക്കുന്നു.
സെപ്തംബറിലെ എണ്ണ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം വര്‍ധനവാണ് ഒക്ടോബറില്‍. 2020ന് ശേഷം ഇത്രയും എണ്ണ വെനസ്വേല കയറ്റുമതി ചെയ്യുന്നത് ആദ്യമാണ്. 2019 മുതല്‍ അമേരിക്കയുടെ ശക്തമായ ഉപരോധത്തിലാണ് വെനസ്വേല. 9.5 ലക്ഷം ബാരല്‍ പ്രതിദിന ക്രൂഡ് ഓയിലിന് പുറമെ 3.14 ലക്ഷം പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ രാജ്യം കഴിഞ്ഞ മാസം കയറ്റുമതി ചെയ്തു.
അമേരിക്ക ചില ഇളവ് നല്‍കിയ സാഹചര്യത്തിലാണ് നിയന്ത്രിതമായ അളവില്‍ വെനസ്വേലയില്‍ നിന്ന് എണ്ണ കയറ്റുമതി ആരംഭിച്ചത്. ഷെവ്‌റോണ്‍, റെപ്‌സോള്‍, എനി, മോറല്‍ ആന്റ് പ്രോം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളാണ് പിഡിവിഎസ്എയുമായി സഹകരിച്ച് കയറ്റുമതിയില്‍ പങ്കാളികളായിട്ടുള്ളത്. ഷെവ്ഫറോണ്‍ മാത്രം അമേരിക്കയിലേക്ക് 2.80 ലക്ഷം പ്രതിദിനം കയറ്റുമതി ചെയ്തു. സ്പാനിഷ് കമ്പനിയായ റെപ്‌സോള്‍ അമേരിക്കയിലേക്കും സ്‌പെയിനിലേക്കുമാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്.
റിയലന്‍സും പിഡിവിഎസ്എയുമാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ മാസം ഓരോ ദിവസവും 1.41 ലക്ഷം ബാരലാണ് ഇന്ത്യയിലേക്ക് വെനസ്വേലയില്‍ നിന്ന് എത്തിയത്. ഇന്ത്യ മറ്റൊരു രാജ്യത്തെ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നത് സൗദിക്കും റഷ്യയ്ക്കും തിരിച്ചടിയാണ്. കാരണം ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യ, ഇറാഖ്, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ഇതിനിടയിലേക്കാണ് പുതിയ രാജ്യം വരുന്നത്.അതേസമയം, ചൈന തന്നെയാണ് വെനസ്വേലന്‍ എണ്ണ വാങ്ങുന്നതില്‍ ഒന്നാം സ്ഥാനത്ത്. എങ്കിലും സെപ്തംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ട്. സെപ്തംബറില്‍ 4.51 ലക്ഷം ബാരലാണ് ചൈന വാങ്ങിയതെങ്കില്‍ കഴിഞ്ഞ മാസം 3.85 ലക്ഷമായി കുറഞ്ഞു. അതിനിടെ എണ്ണ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ് ഇറാഖ്. 3.42 ദശലക്ഷം ബാരലില്‍ നിന്ന് 3.3 ദശലക്ഷമാക്കിയാണ് കുറച്ചിരിക്കുന്നത്. ഒപെക് കൂട്ടായ്മയിലെ ധാരണ പ്രകാരമാണിത്. ഇറാഖില്‍ നിന്ന് എണ്ണ കുറഞ്ഞാലും വെനസ്വേലയില്‍ നിന്ന് ലഭിക്കുന്നതിലൂടെ ക്രമീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
Author: VS NEWS DESK
pradeep blr