കോഴിക്കോട്: താന്‍ വിമര്‍ശനങ്ങളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ആളാണ് എന്ന് നടന്‍ സലീംകുമാര്‍. മനോരമ ഹോര്‍ത്തൂസില്‍ ‘ചിരി സിനിമയിലും ജീവിതത്തിലും’ എന്ന വിഷയത്തില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തിടെ ജോജു ജോര്‍ജ് സിനിമാ നിരൂപണത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ആരുടേയും പേരെടുത്ത് പറയാതെയുള്ള സലീം കുമാറിന്റെ പ്രതികരണം. ‘ വിമര്‍ശനത്തെ ഞാന്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. വിമര്‍ശിച്ചതിന്റെ പേരില്‍ വെറുപ്പ് സൂക്ഷിക്കുകയോ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല,’ എന്നായിരുന്നു സലീം കുമാര്‍ പറഞ്ഞത്. സ്ത്രീവിരുദ്ധതയെ ഒരിക്കലും ന്യായീകരിക്കാന്‍ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീവിരുദ്ധത സ്ത്രീവിരുദ്ധത തന്നെയാണ്. അതിനെ ന്യായീകരിക്കാന്‍ പറ്റില്ല. എന്നാല്‍, നല്ലൊരു തമാശ കിട്ടുമെങ്കില്‍ അതിന്റെ മറ്റു വശങ്ങള്‍ നോക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങൡും അദ്ദേഹം പ്രതികരിച്ചു. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടത്തിലും സ്ത്രീകള്‍ക്ക് മാന്യമായി ജോലി ചെയ്യാന്‍ പറ്റണം എന്ന് സലീം കുമാര്‍ പറഞ്ഞു.
വിഗതകുമാരനി’ലെ നായികയ്ക്ക് നാട് വിടേണ്ടി വന്ന സ്ഥലമാണ് കേരളം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാന്‍ വേണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് വേണ്ടത് എന്നും സലീം കുമാര്‍ വ്യക്തമാക്കി. മതചിന്തകളോട് അകലം പാലിക്കുന്ന ജീവിതമാണ് താനിപ്പോള്‍ നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അമ്മയാണ് ദൈവം.
അമ്മയുടെ ആത്മാവ് ഭൂമിയില്‍ ഉണ്ടെന്നു വിശ്വസിക്കുന്നു എന്നും അമ്മയാണ് തന്നെ ജീവിതത്തില്‍ ഏറ്റവും ചിരിപ്പിച്ച വ്യക്തി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ ചിരിച്ചതിനേക്കാളേറെ സിനിമയിലാണ് ചിരിച്ചത് എന്നും സലീം കുമാര്‍ പറഞ്ഞു. പഴയ കാലത്തെപ്പോലെയുള്ള തമാശ സിനിമകള്‍ ഇപ്പോള്‍ ഇറങ്ങുന്നില്ല എന്നും ജീവിതാനുഭവത്തിന്റെ കുറവാണ് അതിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.
പട്ടിണിയും പ്രാരാബ്ധവും നല്ല തമാശകള്‍ പിറക്കാന്‍ കാരണമായിട്ടുണ്ട് എന്നും സലീംകുമാര്‍ ചൂണ്ടിക്കാട്ടി. അതേസമയം തന്റെ എല്ലാ സിനിമകളും താന്‍ കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ഹിറ്റ് ചിത്രമായ മീശമാധവന്‍ പോലും ഇതുവരെ മുഴുവനായി കണ്ടിട്ടില്ല. ഇതിലെ സലീംകുമാറിന്റെ അഡ്വ. മുകുന്ദനുണ്ണി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ അവാര്‍ഡ് നേടി തന്ന ‘ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയും രണ്ടാം പകുതി മാത്രമേ കണ്ടിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Author: VS NEWS DESK
pradeep blr