Search
Close this search box.

യുഎസ് തിരഞ്ഞെടുപ്പ്; ഗാസ മുഖ്യവിഷയമാക്കി മുസ്ലീം വോട്ടർമാർ, ട്രംപോ കമലയോ, ആരെ തുണയ്ക്കും?

ന്യൂയോർക്ക്: യുഎസ് തിരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്. ലോകമെമ്പാടും ഒരുപോലെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി ഇന്ത്യൻ വംശജ കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മത്സര രംഗത്തുണ്ട്. വോട്ടെടുപ്പിൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള ഒട്ടേറെ ഘടകങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നുകഴിഞ്ഞു.എന്നാൽ അതിൽ ഏറെ പ്രധാനപ്പെട്ടതും പൂർണമായും പ്രവചിക്കാൻ കഴിയാത്തതുമായ വലിയൊരു വിഭാഗത്തെ കുറിച്ച് കാര്യമായ ചർച്ചകൾ നടന്നിട്ടില്ല. അത് യുഎസിലെ മുസ്ലീം വോട്ടർമാരാണ്. രാജ്യത്ത് തിരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികൾക്കും ഒരുപോലെ മുന്നേറ്റം പ്രവചിക്കപ്പെടുകയും, ഒപ്പം പല സ്വിങ് സ്‌റ്റേറ്റുകളിലും ഇരുവരും ഒപ്പത്തിനൊപ്പം എത്തുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പല സർവേകളും ഇരുവർക്കും ഒരുപോലെ സാധ്യത കൽപ്പിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഒരാൾക്ക് മുന്നേറ്റം പ്രവചിക്കപ്പെടുമ്പോൾ മറ്റൊരിടത്ത് നേരെ തിരിച്ചാണ്. അതുകൊണ്ട് തന്നെ കൃത്യമായ ഫലം എന്താവുമെന്ന കണക്കുകൂട്ടൽ നടത്താൻ ആർക്കും സാധ്യമല്ല. എങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിൽ പശ്ചിമേഷ്യയിലെ സംഘർഷം മുഖ്യ വിഷയമാകും എന്നാണ് വിലയിരുത്തൽ.

മുസ്ലീം വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ?

നിലവിൽ ഗാസയിലെ കൂട്ടക്കുരുതിയും മറ്റ് സംഘർഷ സാഹചര്യങ്ങളും തന്നെയാവും മുസ്ലീം വോട്ടർമാരെ സംബന്ധിക്കുന്ന വലിയ വിഷയം. പ്രധാനമായും ഇസ്രായേൽ-ഗാസ സംഘർഷത്തിൽ സ്ഥാനാർത്ഥികൾ സ്വീകരിക്കുന്ന നിലപാടാവും വോട്ടർമാരെ സ്വാധീനിക്കുന്ന കാര്യം. യുഎസ് പലപ്പോഴും വിഷയത്തിൽ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുന്നത് നാം കണ്ടിട്ടുള്ളതാണ്.

എന്നാൽ വൈസ് പ്രസിഡന്റ് എന്ന നിലയിലും അല്ലാതെയും കമല ഹാരിസ് പലസ്‌തീനിയൻ ജനതയുടെ ബുദ്ധിമുട്ടുകളെ എടുത്ത് പറഞ്ഞിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അത് ട്രംപിന് മേൽ മുസ്ലീം വോട്ടർമാർക്ക് കമലയോട് താൽപര്യം വർധിക്കാൻ ഇടയാകുമോ എന്ന് കണ്ടറിയണം. ലബനൻ, ഗാസ എന്നിവിടങ്ങളിലെ ഇസ്രായേൽ നീക്കത്തെ ഒരിക്കലും തള്ളിപറയാത്ത വ്യക്തി കൂടിയാണ് ഡൊണാൾഡ് ട്രംപ് എന്നോർക്കണം.

പക്ഷേ കമലയാവട്ടെ ജോ ബൈഡനെക്കാൾ ഈ വിഷയത്തിൽ പലസ്‌തീൻ ജനതയുടെ പ്രശ്‌നങ്ങളെ കൂടുതൽ അടയാളപ്പെടുത്തുകയാണ് ചെയ്‌തിട്ടുള്ളത്‌. ഹമാസിനെയും അവരുടെ ശ്രമങ്ങളെയും നിശിതമായോ വിമർശിക്കുന്ന വ്യക്തി കൂടിയാണ് ഡൊണാൾഡ് ട്രംപ്. യുഎസിൽ കാര്യമായ വോട്ട് സ്വാധീനമുള്ള മുസ്ലീം വോട്ടർമാരെ ഇത് ട്രംപിൽ നിന്ന് അകറ്റുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.

കൂടുതൽ പ്രിയം കമലയോടോ?

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഡൊണാൾഡ് ട്രംപിനെക്കാൾ കമല ഹാരിസിനെയാണ് യുഎസിലെ മുസ്ലീം വോട്ടർമാർ വിശ്വസിക്കുന്നത്. എങ്കിലും അറബ് വോട്ടർമാർ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നു എന്നാണ് ചില സർവേകൾ സൂചിപ്പിക്കുന്നത്. ഇതൊരു വൈരുധ്യമാണെങ്കിലും യുഎസിലെ ആകെ മുസ്ലീം വോട്ടർമാർ ഏത് രീതിയിൽ ചിന്തിക്കുമെന്നത് അപ്രവചനീയമാണ്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇവരുടെ നിലപാടും നിർണായകമാണ്.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು