പാലക്കാട്: ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി പ്രതികരിച്ച സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടിയില്‍ തല്‍ക്കാലം നടപടിയില്ല. തിരഞ്ഞെടുപ്പ് വരെ കടുത്ത നടപടി എടുക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സന്ദീപിനെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യമുയര്‍ന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മഹത്വല്‍ക്കരിച്ചത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം സന്ദീപിനെതിരെ രൂക്ഷ വിമര്‍ശനവും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ചു. സന്ദീപ് എവിടെ വരെ പോകുമെന്ന് നോക്കട്ടെ. ആരൊക്കെ പോയാലും ബിജെപിക്ക് ഒന്നും സംഭവിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സന്ദീപിന്റെ പരാമര്‍ശങ്ങള്‍ പരിശോധിക്കുകയാണ്. വീട്ടിലെ മരണത്തിന്റെ കാര്യങ്ങള്‍ പോലും അദ്ദേഹം രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. ഓരോരുത്തവരും എവിടെ വരെ പോകുമെന്നാണ് നോക്കുന്നത്. ഇപ്പോള്‍ പ്രധാനപ്പെട്ട കാര്യം തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളാണ്. സന്ദീപ് വാര്യറുടെ കാര്യത്തില്‍ വെയ്റ്റ് ആന്‍ഡ് സീ സമീപനമാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഒരാള്‍ പരാതി പറയേണ്ടതെന്നും കെ സുരേന്ദ്രന്‍ തുറന്നടിച്ചു.
സന്ദീപിനോട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ സ്‌നേഹം കാണിക്കുന്നുണ്ട്. അത് എങ്ങനെയാണ് വന്നതെന്ന് എനിക്കറിയാം. എംബി രാജേഷിനോട് സ്വന്തം പാര്‍ട്ടിക്കാര്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അച്ചടക്ക നടപടി പിന്‍വലിച്ച് സന്ദീപിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്നതാണ്. ഇന്ന് സന്ദീപിനായുള്ള വീരാരാധന എത്ര ദിവസം തുടരും? ഇതേ മാധ്യമങ്ങള്‍ നാളെ അദ്ദേഹത്തെ ഉപേക്ഷിക്കും. കേരളത്തിലെ ബിജെപിയില്‍ നിന്ന് ഒരാള്‍ പോയിട്ട് എന്ത് ചെയ്യാനാണ്. യുഡിഎഫും എല്‍ഡിഎഫും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. പാര്‍ട്ടി നല്ല കെട്ടുറപ്പിലാണ്. ആരോപണം ഉന്നയിച്ചയാളുടെ ഉദ്ദേശം എന്താണെന്ന് നോക്കാം. സന്ദീപിന്റെ അമ്മ മരിച്ചപ്പോള്‍ നേതാക്കള്‍ എല്ലാം പോയിരുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.അതേസമയം പ്രശ്‌നം പരിഹരിക്കുന്ന സമീപനം നേതൃത്വത്തില്‍ നിന്ന് ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. ഇപ്പോള്‍ ആ പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ള സാമൂഹ്യ മാധ്യങ്ങള്‍ വഴിയല്ലാതെ പറയാനാവില്ല. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് അക്കാര്യങ്ങള്‍ പറഞ്ഞത്. അങ്ങനെ അല്ലെങ്കില്‍ മാധ്യമങ്ങളെല്ലാം അതെല്ലാം വളച്ചൊടിച്ച് കൊടുക്കുമെന്ന് ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. കെ സുരേന്ദ്രന്‍ രണ്ട് തവണ എന്നെ വിളിച്ചിരുന്നു. പ്രചാരണത്തിന് സജീവമാകണമെന്നാണ് പറഞ്ഞത്. എന്റെ പരാതികള്‍ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
Author: VS NEWS DESK
pradeep blr