ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ സൂപ്പർ സ്‌റ്റാർ എന്ന് നിസംശയം വിളിക്കാൻ കഴിയുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഹോണ്ട. ഒരു കാലത്ത് ഹോണ്ട വാഹനങ്ങൾക്ക് ലഭിച്ചിരുന്ന ജനപ്രീതി ഇന്നും പലർക്കും സ്വപ്‌നം മാത്രമായിരുന്നു. ഇന്ത്യൻ ബ്രാൻഡ് ആയിരുന്ന ഹീറോയുമായി ചേർന്ന് ഹീറോ ഹോണ്ട എന്ന പേരിലായിരുന്നു അന്ന് അവർ വാഹനങ്ങൾ പുറത്തിറക്കിയത്.
എന്നാൽ ഇരു കമ്പനികളും വേർപിരിഞ്ഞ ശേഷവും ഹോണ്ട അതേപടി തന്നെ ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നത് തുടരുന്നുണ്ട്. നിരവധി മികച്ച മോഡലുകളുമായി അവർ കളം നിറയുകയാണ്. അതിൽ പലതും രാജ്യത്തെ വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിലേക്ക് ഒരു മോഡലിന്റെ പേര് കൂടി എഴുതി ചേർക്കുകയാണ് ഹോണ്ട ഇപ്പോൾ.
രാജ്യത്ത് പല കാലത്തായി ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുള്ള, സ്‌കൂട്ടർ വിപണയിലെ ശക്തമായ സാന്നിധ്യമായ ആക്‌ടീവയാണ് പുത്തൻ രൂപത്തിൽ ഉപഭോക്താക്കൾക്ക് മുന്നിലേക്ക് വരുന്നത്. ഹോണ്ടയുടെ ഇലക്ട്രിക് വിപണി കീഴടക്കൽ എന്ന സ്വപ്‌നത്തിന് ചിറക് മുളപ്പിച്ചു കൊണ്ടാണ് ആക്‌ടീവ വിപണിയിലേക്ക് ഇറങ്ങാനായി തയ്യാറായി നിൽക്കുന്നത്.
ഇന്ത്യയിലും പുറത്തും തങ്ങളുടെ ഇലക്ട്രിക് പോർട്ട് ഫോളിയോയുടെ സ്വാധീനം വർധിപ്പിക്കുക എന്നതാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ വർഷം മുതൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിന്റെ തുടക്കം ആക്‌ടീവയിലൂടെ ആയിരിക്കുമെന്നാണ് വിവരം.
110 സിസി ഐസിഇ സ്‌കൂട്ടറുമായി താരതമ്യപ്പെടുത്താവുന്ന ഒരു ഇലക്ട്രിക് ഇരുചക്ര വാഹനമാണ് ഹോണ്ട ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ബജാജ് ഉൾപ്പെടെയുള്ള ബ്രാൻഡുകളും അല്ലാതെ വിപണിയിലെ പുതുമുറക്കാരായ ഏഥർ, ഒല എന്നിവരും ശക്തമായ പ്രകടനമാണ് വിപണിയിൽ കാഴ്‌ച വയ്ക്കുന്നത്. ഇതിനെ കടത്തിവെട്ടാൻ കെൽപുള്ള ജനകീയ മുഖമെന്ന നിലയിലാവും ഹോണ്ട ആക്‌ടീവയുടെ പ്ലാറ്റ്‌ഫോം തന്നെ തിരഞ്ഞെടുത്തത്.
നൂറ് കിലോമീറ്ററിൽ അധികം റേഞ്ച് വാഗ്‌ദാനം ചെയ്യുന്നതാവും ഈ വാഹനം. കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തുന്ന നിലയിലാവും ഈ വാഹനത്തിന്റെ ഡിസൈൻ രീതികളെന്നാണ് ലഭ്യമായ വിവരം. ഈ വർഷം തന്നെ ഇന്ത്യയിൽ വാഹനം അവതരിപ്പിക്കുമെങ്കിലും ആഗോള തലത്തിൽ അടുത്ത വർഷം മാത്രമേ ഈ സ്‌കൂട്ടർ എത്തുകയുള്ളൂ എന്നാണ് ലഭ്യമായ വിവരം.
ബാറ്ററി സ്വാപ്പിംഗ് സവിശേഷത ഉൾപ്പെടെ ഇന്ത്യയിലെ മോഡലിൽ നൽകുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ദശകത്തിന്റെ അവസാനത്തോടെ ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ ശക്തമായ സ്വാധീനം ചെലുത്താനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടി ആയിട്ടായിരിക്കും ഹോണ്ട ആക്‌ടീവ വിപണിയിൽ എത്തുക.കൃത്യമായ ലോഞ്ച് തീയതി അറിയില്ലെങ്കിലും ഈ വർഷം തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. വില ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ ഇതിന് ശേഷം മാത്രമേ അറിയാൻ കഴിയൂ. എങ്കിലും പ്രീമിയം സവിശേഷതകളോട് കൂടിയ എത്തുന്ന വാഹനം ആയതിനാൽ താരതമ്യേന കൂടുതൽ വില ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
Author: VS NEWS DESK
pradeep blr