അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സകല പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് റിപ്പബ്ലിക്കിന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയം ഉറപ്പിച്ചരിക്കുകയാണ്. 267 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് അനുകൂലമായി ഇതുവരെ ലഭിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 270 വോട്ടുകള്‍ വേണമെന്നിരിക്കെ ട്രംപിന് വിജയം ഉറപ്പിക്കാന്‍ മൂന്ന് വോട്ടുകള്‍ മാത്രം മതി. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.
സ്വിങ് സേറ്റുകളില്‍ പ്രധാനമായ ജോർജിയ, പെന്‍സില്‍വാനിയ, നോർത്ത് കരോലീന തുടങ്ങിയവ പിടിച്ചെടുത്തതാണ് ട്രംപിന്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായത്. അരിസോണ, വിസ്കോൺസിൻ, മിഷിഗണ്‍, അലാസ്ക, നെവാഡ എന്നിവിടങ്ങളിലും ട്രംപ് ലീഡ് ചെയ്യുകയാണ്. മെയിനെ സംസ്ഥാനത്ത് മാത്രമാണ് കമല ഹാരിസിന് ലീഡുള്ളത്. പോപ്പുലർ വോട്ടിലും ട്രംപിന് വ്യക്തമായ മേധാവിത്വം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം,
ട്രംപിന്റെ വിജയം വിപണികളിലും ചലനങ്ങള്‍ സൃഷ്ടിച്ചു. യു എ സ് ഓഹരി വിപണികളായ ഡൗ ഡോൺസ്, നാസ്ഡാക്, എസ് ആൻഡ് പി 500 എന്നിവ മാത്രമല്ല ഇന്ത്യന്‍ വിപണിയായ സെന്‍സെക്സും നിഫ്റ്റിയും മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്സ് ഒരു സമയത്ത് 640 പോയിന്റിന്റെ വർധനവോടെ 80115 വരെയെത്തിയിരുന്നു. 480 പോയിന്റ് വർധിച്ച് 79984ലാണ് സെന്‍സെക്സ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റി നിഫ്റ്റി 147.50 പോയിന്റ് ഉയർന്ന് 24360 ലേക്കുമെത്തി.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സ്വർണ വിലയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ട്രംപ് മുന്നേറിയതോടെ സ്വർണ വില താഴോട്ട് പോകുകയാണ് ചെയ്തത്. അന്താരാഷ്ട്ര വിപണയില്‍ ഇന്ന് ട്രോയ് ഔണ്‍സിന് 2704 എന്ന നിലയിലേക്ക് സ്വർണ നിരക്ക് എത്തി. മൂന്ന് ആഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്,
ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന് ഉറപ്പായതോടെ യുഎസ് ഡോളർ ശക്തമാകുകയും ട്രഷറി യീല്‍ഡ് ഉയരുകയും ചെയ്തിരുന്നു. ഇതാണ് സ്വർണ വില ഇടിയാന്‍ കാരണമായത്. ട്രംപ് അധികാരത്തില്‍ വരുന്നതോടെ പണപ്പെരുപ്പും പലിശ നിരക്കും ഉയർത്തുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡോളർ സൂചിക 1.90 ശതമാനം ഉയർന്ന് 105 .03 എന്ന നിലവാരത്തിലേക്ക് എത്തിയത്. നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇത്തവണ ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ സ്വർണ വില കുറഞ്ഞെങ്കിലും 2017 ലെ സ്ഥിതി നേരെ മറിച്ചായിരുന്നു. ട്രംപ് അന്ന് സ്വീകരിച്ച നിലപാടുകളായിരുന്നു സ്വർണ വിലയുടെ മുന്നേറ്റത്തിന് കാരണമായത്. സഖ്യകക്ഷികളുമായും എതിരാളികളുമായുള്ള വ്യാപാര തർക്കങ്ങളും ഉപരോധങ്ങളുമാണ് ട്രംപിന്റെ കാലത്ത് സ്വർണ വില ഉയരാനുണ്ടാക്കിയ പ്രധാന കാരണം.
കഴിഞ്ഞ തവണ പിന്തുടർന്ന അമേരിക്ക ഫസ്റ്റ് നയം ട്രംപ് ഇത്തവണയും തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി മുതല്‍ സ്വർണ വിലയില്‍ വീണ്ടും വർധനവ് ഉണ്ടായേക്കും. അതല്ല ഓഹരി വിപണികളും ഡോളർ നിരക്കും ഉയർന്ന തോതില്‍ തന്നെ മുന്നോട്ട് പോകുകയാണെങ്കില്‍ സ്വർണ വില ഇടിയും. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്വർണ വിലയില്‍ ഏത് രീതിയിലായിരിക്കും സ്വാധീനിക്കുക എന്ന് അറിയാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരും.
ഇന്നത്തെ സ്വർണ വില കേരളത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം സ്വർണ വില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. നവംബറില്‍ ഇത് ആദ്യമായാണ് സ്വർണ വില ഉയരുന്നത്. ഇന്നത്തെ വർധനവോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 58920 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കൂടി 7356 എന്ന നിരക്കിലുമാണ് വില്‍പ്പന. ഒക്ടോബർ 31 ന് 59640 എന്ന സംസ്ഥാനത്ത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില.
Author: VS NEWS DESK
pradeep blr