ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിന് എന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ – യു എസ് ബന്ധം കൂടുതല്‍ ദൃഢമാകും എന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ-യുഎസ് സമഗ്ര ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് ഒരുമിച്ച്, നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും സമൃദ്ധിക്കും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാം,” നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. കമല ഹാരിസുമായി ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയാണ് ട്രംപിന്റെ മിന്നും വിജയം.
നിര്‍ണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റിലും വിജയം കൊയ്താണ് ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസ് നിയന്ത്രിക്കാന്‍ എത്തുന്നത്. വിജയമുറപ്പായതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യാനും ട്രംപ് മറന്നില്ല. ഇത് അമേരിക്കന്‍ ജനതയുടെ മഹത്തായ വിജയമാണ് എന്ന് ട്രംപ് പറഞ്ഞു. ജൂലായ് 13-ലെ വധശ്രമത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ‘ദൈവം ഈ ഒരു കാരണത്താലാണ് തന്റെ ജീവന്‍ ബാക്കിയാക്കിയത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ എക്കാലത്തെയും ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം എന്നും ട്രംപ് വിശേഷിപ്പിച്ചു. ‘നമ്മുടെ രാജ്യത്തെ ഉന്നതിയിലെത്തിത്താനും അതിര്‍ത്തികളിലെ പിരിമുറുക്കം പരിഹരിക്കാനും ഞങ്ങള്‍ സഹായിക്കാന്‍ പോകുകയാണ്. ഇന്ന് രാത്രി ചരിത്രം സൃഷ്ടിച്ചു. ഞങ്ങള്‍ ഏറ്റവും അവിശ്വസനീയമായ രാഷ്ട്രീയ വിജയം നേടി. അമേരിക്കന്‍ ജനതയോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ‘ ട്രംപ് പറഞ്ഞു.എന്റെ ശരീരത്തിലെ ഓരോ ശ്വാസത്തിലും താന്‍ അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി പോരാടും എന്നും ട്രംപ് വ്യക്തമാക്കി. സഹപ്രവര്‍ത്തകരായ ജെഡി വാന്‍സ്, ഭാര്യ മെലാനി ട്രംപ്, മക്കള്‍ എന്നിവര്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. തനിക്ക് പിന്തുണ പ്രഖ്യാപിച്ച ടെസ്ല സിഇഒയും എക്സ് മേധാവിയുമായ എലോണ്‍ മസ്‌കിനോടും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലുള്ള വിജയത്തോടൊപ്പം തന്നെ സെനറ്റിന്റെ നിയന്ത്രണവും ഏറ്റെടുത്തു എന്നതും ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്നിട്ട് നില്‍ക്കുന്നു എന്നതും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മാറ്റ് കൂട്ടുന്നു.
Author: VS NEWS DESK
pradeep blr