കൊച്ചി: ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചീറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പോലീസ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫ്സറ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കുറ്റകൃത്യം ചെയ്തുവെന്ന് പരാതിക്കാരി തന്റെ മൊഴികളിൽ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യ സ്ഥലത്തും സമയത്തും നിവിൻ ഉണ്ടായിരുന്നില്ലന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അത് കൊണ്ട് കേസിലെ ആറാം പ്രതിയായിരുന്ന നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ഡി വൈ എസ് പി ടി എം വർഗീസാണ് റിപ്പോർട്ട് നൽകിയത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിവിൻ പോളി ഉൾപ്പെടെ ആറ് പേർ കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിയായ യുവതി പരാതി നൽകിയത്. ആറാം പ്രതിയായിരുന്നു നിവിൻ പോളി.
2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
യുവതി പറയുന്ന ദിവസങ്ങളിൽ നിവിൻ പോളി വർഷങ്ങൾക്ക് ശേഷം സിനിമയുടെ ഷൂട്ടിംഗിനായി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞത്. യുവതി പരാതിയുമായി വന്നതിന് പിന്നാലെ തന്നെ ആരോപണം നിഷേധിച്ച് നിവിൻ പോളി വാർത്താ സമ്മേളനം നടത്തിയിരുന്നു.
പരാതി അടിസ്ഥാന രഹിതമാണെന്ന് നിവിൻ പറഞ്ഞിരുന്നു. മുമ്പ് ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നൽകിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് മൊഴിയെടുത്തിരുന്നെന്നും നിവിൻ പോളി അന്ന് പറഞ്ഞിരുന്നു. കഴമ്പില്ലെന്ന് കണ്ടെത്തി ആ കേസ് അന്ന് അവസാനിപ്പിച്ചിരുന്നുവെന്നും പരാതിക്ക് പിന്നിൽ പണം തട്ടാനുള്ള ശ്രമാമാണെന്ന് സംശയമെന്നും പറഞ്ഞിരുന്നു.
പെൺകുട്ടിയെ തനിക്ക് അറിയില്ലെന്നും ഇതിന്റെ പിറകിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെ പോകുമെന്നു നിവിൻ പറഞ്ഞിരുന്നു.
Author: VS NEWS DESK
pradeep blr