ചേലക്കര: ചേലക്കരയില്‍ ഇത്തവണ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വണ്‍ഇന്ത്യ മലയാളത്തോട്. കോണ്‍ഗ്രസ് ചിട്ടയായ പ്രവര്‍ത്തനവുമായിട്ടാണ് മുന്നോട്ട് പോകുന്നത് എന്നും ചേലക്കരയില്‍ വോട്ടര്‍മാര്‍ മാറ്റത്തിനായി ദാഹിക്കുകയാണ് എന്നും രമ്യ കൂട്ടിച്ചേര്‍ത്തു. ചേലക്കര യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തിരിച്ച് പിടിക്കും എന്നും രമ്യ അവകാശപ്പെട്ടു.
‘ഏറ്റവും നല്ല ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചരണവുമായിട്ടാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. വാഹനപ്രചരണം ഇന്ന് എല്ലാ പഞ്ചായത്തും പിന്നിട്ടു. വഴിയിലുടനീളം അമ്മമാരും സഹോദരിമാരും വലിയ പിന്തുണയാണ് നല്‍കുന്നത്. സിപിഎം അവരുടെ കോട്ട എന്ന പറയുന്ന ചേലക്കര ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ തിരിച്ചുപിടിക്കും. അക്കാര്യത്തില്‍ ദൃഢപ്രതിജ്ഞയെടുത്താണ് ഞങ്ങളെല്ലാവരും പ്രവര്‍ത്തിക്കുന്നത്,’ രമ്യ ഹരിദാസ് പറഞ്ഞു.
മണ്ഡലത്തിലെ ഓരോ വീടുകളും ഒന്നിലേറെ തവണ കയറിയിറങ്ങി തങ്ങള്‍ വോട്ട് ചോദിക്കുന്നുണ്ട് എന്നും അതില്‍ നിന്നെല്ലാം ആളുകള്‍ മാറ്റം കൊതിക്കുന്നു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത് എന്നും രമ്യ പറഞ്ഞു. ആ മാറ്റം ഇത്തവണ ചേലക്കരയില്‍ ഉണ്ടാകും. മാറ്റത്തിന് വേണ്ടി ചേലക്കരക്കാര്‍ വിധിയെഴുതും. കോണ്‍ഗ്രസിനൊപ്പവും യുഡിഎഫിനൊപ്പവും ചേലക്കര അണിനിരക്കാന്‍ പോകുന്നതാണ് കേരളം കാണാന്‍ പോകുന്നത്.
കേരളത്തിന്റെ കടിഞ്ഞാണ്‍ കോണ്‍ഗ്രസ് നാളെ ഏറ്റെടുക്കുമ്പോള്‍ ചേലക്കരക്കാരും അതിനൊപ്പം ഉണ്ടാകും എന്നും രമ്യ ഹരിദാസ് പ്രത്യാശ പ്രകടിപ്പിച്ചു. ‘ ഈ നാട്ടിലെ റോഡുകളും വഴികളും പോലും ശരിയാക്കാതെ എന്ത് വികസനമാണ് സിപിഎം നടത്തി എന്ന് അവകാശപ്പെടുന്നത്. ഓട്ടോക്കാരെല്ലാം മോശം റോഡുകളെ കുറിച്ചാണ് പരാതി പറയുന്നത്,’ രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
30 വര്‍ഷമായി സിപിഎം മാത്രമല്ലേ ഇവിടെ ജയിക്കുന്നത് എന്നും എന്തുകൊണ്ട് പാവപ്പെട്ട ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായില്ല എന്നും രമ്യ ചോദിച്ചു. ചേലക്കര എംഎല്‍എയായിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രമ്യ ഹരിദാസിനെയാണ് രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.
അതേ രമ്യ ഹരിദാസ് തന്നെ രാധാകൃഷ്ണന്‍ പതിറ്റാണ്ടുകളോളം കൈവശം വെച്ച മണ്ഡലം പിടിക്കാന്‍ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2016-21 കാലയളവില്‍ ചേലക്കരയിലെ എംഎല്‍എയായിരുന്ന യുആര്‍ പ്രദീപാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. എന്‍ഡിഎയ്ക്കായി ബിജെപിയുടെ കെ ബാലകൃഷ്ണനും മത്സരരംഗത്തുണ്ട്.
Author: VS NEWS DESK
pradeep blr