പാലക്കാട്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമെന്നാണ് ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സന്ദീപ് വാര്യർ വ്യക്തമാക്കിയത്. പാർട്ടിയില്‍ നിന്നും ഒരാള്‍ പുറത്ത് പോയാല്‍ ഒന്നും സംഭവിക്കില്ലെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. വളരെ ദൗർഭാഗ്യകരമായ പ്രസ്താവനയാണ് അത്. ദീർഘനാളത്തെ ത്യാഗവും തപസ്യയുമെല്ലാം റദ്ദു ചെയ്യുന്നതാണ് ആ പ്രസ്താവനയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പാർട്ടിയില്‍ നിന്നും ആര് പുറത്ത് പോയാലും അത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. സന്ദീപ് കാര്യങ്ങള്‍ മനസിലാക്കി തിരികെ വരണമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന കണ്ടു. ഇതില്‍ ഒരു വിഷമം ഉന്നയിച്ച വ്യക്തിയാണ് ഞാന്‍. ആ സാഹചര്യത്തില്‍ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളില്‍ എന്റെ വാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന സൂചനയാണുള്ളത്. ഉന്നയിച്ച് പ്രശ്നം പരിഹരിക്കപ്പെടും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. അതുകൊണ്ടാണ് ആദ്യത്തെ അഞ്ച് ദിവസം കാത്തിരുന്നത്.
മാനസികമായ അടുപ്പം ഇല്ലാതിരുന്നിട്ടും പാലക്കാട്ടെ ബി ജെ പി സ്ഥാനാർത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതാണ്. ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ചല്ല അത് തീർക്കേണ്ടത്. ഒരു സഹപ്രവർത്തകനെ അവഹേളിച്ചുകൊണ്ടല്ല വിരോധം തീർക്കേണ്ടത്. ഞാന്‍ ഇപ്പോഴും ബി ജെ പി പ്രവർത്തകനാണ്. മറ്റൊരു പാർട്ടിയുമായും ചർച്ച നടത്തിയിട്ടില്ല. പാലക്കാട് കൃഷ്ണകുമാർ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സന്ദീപ് വാര്യർ തിരിച്ച് വരണമെന്നും പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കാമെന്നുമായിരുന്നു കെ സുരേന്ദ്രന്‍ ഇന്ന് പറഞ്ഞത്. സന്ദീപ് വാര്യർ അടക്കം ഒരു ബി ജെ പി പ്രവർത്തനേയും അവഗണിക്കുന്ന ആളല്ല താന്‍. ഒരു പാർട്ടി പ്രവർത്തകന്‍ പോലും മാറി നില്‍ക്കുന്നതിനെ അനുകൂലിക്കുന്നില്ല. സന്ദീപ് വാര്യർ കാര്യങ്ങള്‍ മനസ്സിലാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ സജീവമാകണം എന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കള്ളപ്പണ ഇടപാടിൽ പൊലീസും സി പി എമ്മും ചേർന്ന് യു ഡി എഫിനെ സംരക്ഷിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. കള്ളപ്പണം മാറ്റാൻ പൊലീസ് യുഡിഎഫുകാർക്ക് സഹായം ചെയ്തുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കെ പി എം ഹോട്ടലിൽ ആസൂത്രിത നാടകങ്ങളാണ് നടന്നത്. റെയ്ഡ് വിവരം പൊലീസിൽ നിന്നു തന്നെ കോൺഗ്രസുകാർക്ക് ചോർന്നു കിട്ടിയെന്നും അദ്ദേഹ പറഞ്ഞു.
കള്ളപ്പണ കേസും എൽ ഡി എഫ്, യു ഡിഎ ഫ് ഡീലിൻ്റെ ഭാഗമാണ്. യു ഡി എഫിനെ ജയിപ്പിക്കാൻ എൽ ഡി എഫിലെ ഒരു വിഭാഗം പ്രവർത്തിക്കുകയാണ്. പാലക്കാട് എൽ ഡി എഫ് – യു ഡി എഫ് അന്തർധാര വളരെ സജീവമാണ്. പോലീസിൻ്റെ വീഴ്ചയല്ല രാഷ്ട്രീയ ഇടപെടലിൻ്റെ വീഴ്ചയാണ് ഇവിടെ കണ്ടത്. പൊലീസ് എന്ത്കൊണ്ട് എഫ്ഐആർ ഇടുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് മറുപടി പറയണം. കള്ളപ്പണ ഇടപാട് നടന്നെന്ന് എംബി രാജേഷ് ഉൾപ്പെടെ മന്ത്രിമാർ പ്രതികരിച്ചത് ജനങ്ങൾ മറന്നിട്ടില്ല.
പൊലീസ് അലംഭാവം വ്യക്തമാണ്. പുറത്തുള്ള സിസിടിവികൾ പരിശോധിച്ചില്ല. യു ഡി എഫ് സ്ഥാനാർത്ഥി തന്നെ പറയുന്നുണ്ട് ഞാൻ യാത്രയിലായിരുന്നു. അപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ഫോണിൽ വിളിച്ച് മുറികൾ പരിശോധിക്കുന്ന കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ ഞാൻ ജോമോൻ്റെ ഫോണിൽ പൊലീസിനെ വിളിച്ചു. ഇതിലെ വൈരുദ്ധ്യം മാദ്ധ്യമങ്ങൾ പരിശോധിച്ചില്ല. അദ്ദേഹം ആ സമയത്ത് യാത്രയിലായിരുന്നില്ല. കെപിഎമ്മിൽ എല്ലാം സെറ്റ് ചെയ്ത ശേഷമാണ് അദ്ദേഹം പോയത്. കുറച്ചു പൊലീസാണ് ഹോട്ടലിലേക്ക് വന്നത്. ആവശ്യമായ സജ്ജീകരണങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു
Author: VS NEWS DESK
pradeep blr