Search
Close this search box.

മുഖം തരാതെ റഹീം; റിയാദ് ജയിലിലെത്തിയ ഉമ്മയെ കാണാൻ തയാറായില്ല, വിഡിയോ കോളിലൂടെ സംസാരിച്ച് ഫാത്തിമ

കോഴിക്കോട്∙ മോചനം കാത്തു സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീമിനെ സന്ദർശിക്കാൻ കുടുംബം റിയാദ് ജയിൽ എത്തി. നേരിൽ കാണാൻ ശ്രമിച്ചെങ്കിലും റഹീം വിസമ്മതിച്ചതിനെ തുടർന്നു ഉമ്മ ഫാത്തിമ വിഡിയോ കോളിൽ സംസാരിച്ചു.

റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിലാണ് ഉമ്മയും സഹോദരൻ എം.പി.നസീർ, അമ്മാവൻ അബ്ബാസ് എന്നിവർ എത്തിയത്. ഉമ്മയ്ക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് അധികൃതർ പ്രവേശനം അനുവദിച്ചത്. ചിലരുടെ ഇടപെടലാണു റിയാദിൽ എത്തിയ ഉമ്മയ്ക്ക് മകനെ നേരിൽ കാണാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചതെന്നു കുടുംബം ആരോപിച്ചു.

18 വർഷമായി റഹീമിന്റെ മോചനത്തിനു പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണു വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാൻ ജയിലിലേക്ക് വരേണ്ടതില്ലെന്നു റഹീം കുടുംബത്തെ നേരത്തേ അറിയിച്ചതായും സൂചനയുണ്ട്.

റഹീമിന്റെ ജയിൽ മോചന നടപടികൾ നീളുന്ന സാഹചര്യത്തിൽ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരിൽ കാണാൻ സൗദിയിലേക്ക് പോയത്. റിയാദ് ജയിലിൽ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീർഥാടനം നിർവഹിച്ചു മടങ്ങാനായിരുന്നു തീരുമാനം.

കഴിഞ്ഞ മാസം 21ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നു കോടതി അറിയിച്ചിരുന്നു. കേസ് ഇനി 17ന് പരിഗണിക്കുമെന്നു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന്പ്രതീക്ഷയിലാണ് നിയമ സഹായ സമിതി.

 

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು