സ്ത്രീകളെ “മോശം സ്പർശനത്തിൽ” നിന്ന് സംരക്ഷിക്കാനും പുരുഷന്മാരുടെ ദുരുദ്ദേശ്യങ്ങൾ തടയാനും നിർദ്ദേശം നൽകി ഉത്തർപ്രദേശ് സംസ്ഥാന വനിതാ കമ്മീഷൻ. ഇതനുസരിച്ച്, പുരുഷന്മാരായ തയ്യൽക്കാർ സ്ത്രീകളുടെ വസ്ത്രങ്ങൾ തുന്നുകയോ മുടി മുറിക്കുകയോ ചെയ്യരുത്.
സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ ബബിത ചൗഹാനാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. യോഗത്തിൽ പങ്കെടുത്ത മറ്റ് അംഗങ്ങൾ പിന്തുണച്ചു.
ഒക്‌ടോബർ 28 ന് നടന്ന വനിതാ കമ്മീഷൻ യോഗത്തിന് ശേഷം സ്ത്രീകളുടെ അളവെടുക്കാൻ പുരുഷന്മാരെ അനുവദിക്കരുത്, കടകളിലും മറ്റും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
”അടുത്തിടെ നടന്ന വനിതാ കമ്മീഷൻ യോഗത്തിൽ, സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ വനിതാ തയ്യൽക്കാർ മാത്രമേ അളക്കാവൂ എന്ന നിർദ്ദേശം ഉയർന്നു. കൂടാതെ കടയിൽ സിസിടിവി സ്ഥാപിക്കണം.”- യുപി വനിതാ കമ്മീഷൻ അംഗം ഹിമാനി അഗർവാൾ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു .
സലൂണിലെ സ്ത്രീ കസ്റ്റമർമാർക്കായി വനിതകൾ ഉണ്ടാകണം. കാരണം, ഇത്തരം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷന്മാർ കാരണം സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പുരുഷന്മാർ പലപ്പോഴും മോശമായി പെരുമാറാൻ ശ്രമിക്കുന്നു. ചില പുരുഷന്മാരുടെ ഉദ്ദേശ്യങ്ങൾ നല്ലതല്ല. എന്നിരുന്നാലും, എല്ലാ പുരുഷന്മാർക്കും ദുരുദ്ദേശ്യങ്ങളുള്ളവരല്ലെന്നും ഹിമാനി അഗർവാൾ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞത്..
സ്ത്രീകൾ പോകുന്ന ജിമ്മുകളിൽ വനിതാ പരിശീലകരുണ്ടാകണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ ബബിത ചൗഹാൻ നിർദ്ദേശിച്ചു. എല്ലാ ജിം പരിശീലകരുടെയും പോലീസ് വെരിഫിക്കേഷൻ നടത്തണം.
ഒരു സ്ത്രീയ്ക്ക് പുരുഷ പരിശീലകനിൽ നിന്ന് പരിശീലനം നേടണമെങ്കിൽ, അത് രേഖാമൂലം എഴുതി നൽകണം. ജിമ്മിൽ പോകുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ചൂഷണം ചെയ്യുന്നതായി വനിതാ കമ്മീഷനിൽ തുടർച്ചയായി പരാതികൾ ലഭിക്കുന്നതിനെ തുടർന്നാണ് ഈ തീരുമാനം.
കൂടാതെ സ്ത്രീകളുടെ വസ്ത്രങ്ങൾ തുന്നിച്ചേർക്കുന്ന തയ്യൽക്കടയിൽ അളവെടുക്കാൻ ഒരു വനിതാ തയ്യൽക്കാരിയെ നിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇതുമാത്രമല്ല, പെൺകുട്ടികൾ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിൽ വനിതാ ജീവനക്കാരും ഉണ്ടായിരിക്കണം.
നിലവിൽ എല്ലാ ജില്ലകളിലും വനിതാ കമ്മീഷൻ ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ട്. അനുസരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷൻ പറഞ്ഞു.
Author: VS NEWS DESK
pradeep blr