ദോഹ: ദോഹയില്‍ കഴിയുന്ന ഹമാസ് നേതാക്കളോട് രാജ്യത്ത് നിന്നും മടങ്ങിപ്പോകാന്‍ ഖത്തർ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഖത്തർ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് സി എന്‍ എന്‍ ആണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇസ്രായേലുമായുള്ള യുദ്ധത്തില്‍ ചർച്ചകള്‍ നടഈജിപ്തിന് പുറമെ ഖത്തറും ചർച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നുണ്ടെങ്കിലും വെടിനിർത്തല്‍ കരാറിന് ഇതുവരെ ഹമാസും ഇസ്രായേലും തയ്യാറായിട്ടില്ല. ഇതിന് ഇടയിലാണ് ഹമാസ് നേതാക്കളെ രാജ്യത്ത് നിന്നും പുറത്താക്കണമെന്ന നിർദേശം അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി 10 ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു ആവശ്യം അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
2012 മുതലാണ് ഹമാസിന്റെ രാഷ്ട്രീയ കാര്യ ഓഫീസ് ദോഹയില്‍ പ്രവർത്തിക്കാന്‍ തുടങ്ങിയത്. സിറിയയിലെ ദമാസ്കസില്‍ പ്രവർത്തിച്ചിരുന്ന ഓഫീസ് രാജ്യത്ത് ആഭ്യന്തര സംഘർഷം വ്യാപിച്ചതിന് പിന്നാലെയാണ് ദോഹയിലേക്ക് മാറ്റുന്നത്. ഇതോടൊപ്പം ഹമാസുമായി ആശയവിനിമയത്തിനുള്ള ഒരു പാത തുറക്കാൻ യു എസ് ഖത്തറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഒത്തുതീർപ്പ് ചർച്ചകള്‍ക്ക് ഹമാസ് വഴങ്ങാത്തതാണ് അമേരിക്കയുടെ പുതിയ നിർദേശത്തിന് പിന്നിലെന്നും റിപ്പോർട്ടുകള്‍ അടിവരയിടുന്നു. ദോഹയിലെ ഹമാസിൻ്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നും വെടിനിർത്തല്‍ ഉടമ്പടിയിലും ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിലും തിരുമാനത്തില്‍ എത്താനുള്ള ഏറ്റവും പുതിയ അഭ്യർത്ഥനയും ഹമാസ് നിരസിച്ചതിന് പിന്നാലെയാണ് നേതാക്കളെ എത്രയും പെട്ടെന്ന് ദോഹയില്‍ നിന്നും പുറത്താക്കണമെന്ന നിർദേശം അമേരിക്ക ഖത്തറിന് നല്‍കിയത്.
ഒക്ടോബർ അവസാനമായിരുന്നു ഹമാസുമായിട്ട് ഏറ്റവും അവസാനമായി ചർച്ചകള്‍ നടന്നത്. എന്നാല്‍ ബന്ദികളെ മോചിപ്പിക്കുന്നത് അടക്കമുള്ള യാതൊരു വിധ ആവശ്യങ്ങളും അംഗീകരിക്കാന്‍ ഹമാസ് തയ്യാറായില്ല. ഹമാസ് നേതാക്കള്‍ ദോഹയില്‍ തുടരുന്നത് അവസാനിപ്പിക്കുന്നത് ഖത്തറിനോട് ആവശ്യപ്പെടണമെന്ന് വ്യക്തമാക്കിക്കൊണ്ട് 14 റിപ്പബ്ലിക്കൻ യു എസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഫലസ്തീനിലേക്ക് ഹമാസ് നേതാക്കള്‍ക്ക് തിരികെ പോകേണ്ടി വന്നാല്‍ അത് അവരുടെ സുരക്ഷയ്ക്ക് അടക്കം വലിയ ഭീഷണിയായേക്കും.