ബെംഗളൂരു: ഭരണഘടനാ ശിൽപിയും ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയുമായ ബിആർ അംബേദ്കറിനെ കുറിച്ച് കർണാടകയിലെ കോൺഗ്രസ് നേതാവ് നടത്തിയ പരാമർശം വിവാദമാവുന്നു. അംബേദ്കർ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായിരുന്നു എന്നാണ് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ സയിദ് അസീം പീർ ഖദ്രി പറഞ്ഞത്. ബിജെപി ഉൾപ്പെടെ മറ്റ് പ്രതിപക്ഷ കക്ഷികളുടെ കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്.അംബേദ്കർ അങ്ങനെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു എങ്കിൽ ഇന്നത്തെ ആഭ്യന്തര മന്ത്രി ജി പരമേശ്വരയും മറ്റ് ദളിത് വിഭാഗക്കാരും ഇസ്ലാം മത വിശ്വാസികൾ ആയിരുന്നേനെ എന്നാണ് ഖാദ്രി അവകാശപ്പെടുന്നത്. കർണാടകയിലെ ഷിഗ്ഗോണിൽ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഖാദ്രിയുടെ വിവാദ പരാമർശം
ബാബാ സാഹിബ് അംബേദ്കർ, അക്കാലത്ത് ഇസ്ലാം സ്വീകരിക്കാനും അതിൽ ചേരാനും തയ്യാറായിരുന്നു. എന്നാൽ ഒടുവിൽ അദ്ദേഹം ബുദ്ധമതക്കാരനായി.’ കോൺഗ്രസ് നേതാവ് പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് നേതാവായ നാഗരാജ് യാദവിന് ഒരുപക്ഷേ ഇക്കാര്യം അറിയാമായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ബാബാ സാഹിബ് അംബേദ്കർ ഇസ്ലാമിൽ ചേർന്നിരുന്നെങ്കിൽ രാമപ്പ റഹീമായും ഡോ. ജി പരമേശ്വര പീർ സാഹിബായും ഹനുമന്ത ഗൗഡ ഹാസനായും മഞ്ജുനാഥ് തിമ്മാപൂർ മെഹബൂബ് ആയും മാറുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നവംബർ 13ന് ഷിഗ്ഗോണിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം.
എന്നാൽ ഖാദ്രിയുടെ പരാമർശം വിവാദമായതോടെ കോൺഗ്രസ് ഇതിൽ നിന്ന് അകന്ന് നിൽക്കുകയാണ് നിലവിൽ. അനാവശ്യ വിവാദമെന്നായിരുന്നു പല കോൺഗ്രസ് നേതാക്കളുടെയും ഇതിന് ശേഷമുള്ള പ്രതികരണം. ഇത്തരം വിഷയങ്ങളിൽ അംബേദ്കർ ഇടപെട്ടതായോ അദ്ദേഹത്തിന് ബന്ധമുള്ളതായോ യാതൊരുവിധ വിവരങ്ങളും ഇല്ലെന്നും കോൺഗ്രസ് നേതാവ് നാഗരാജ് യാദവ് വ്യക്തമാക്കി.
അതേസമയം, ബിജെപി വലിയ രീതിയിൽ വിഷയം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. കോൺഗ്രസിന്റെ ആശയങ്ങളെയും അവരുടെ മനോനിലയെയും സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഈ പരാമർശം എന്നാണ് ബിജെപി ആരോപിക്കുന്നത്. അംബേദ്കറിനെ പലരും ഇസ്ലാമിലേക്ക് ചേർക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും ബിജെപി പറയുന്നു.
‘അംബേദ്കറെ ഇസ്ലാമിൽ ചേർക്കാൻ ഹൈദരാബാദ് നൈസാമിന്റെ ശ്രമങ്ങൾ ഉണ്ടായിരുന്നു, അവർ അദ്ദേഹത്തിന് കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്യാൻ ശ്രമിച്ചിരുന്നു. ഇസ്ലാമിന് സമത്വമില്ലെന്നും അതിന് അസഹിഷ്ണുതയുണ്ടെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു’ കോൺഗ്രസ് നേതാവിന്റെ പരാമർശങ്ങളോട് ബിജെപിയുടെ സിടി രവി പ്രതികരിച്ചു.
ബിആർ അംബേദ്കറിന്റെ ഭരണഘടന എടുത്ത്മാറ്റി മനുസ്മൃതി പ്രാബല്യത്തിൽ കൊണ്ട് വരാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന ആരോപണം കടുപ്പിക്കുന്ന വേളയിലാണ് കോൺഗ്രസിന് സ്വന്തം നേതാവിന്റെ പരാമർശം തിരിച്ചടിയാവുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കോൺഗ്രസിന് നിലവിലെ വിവാദങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.