പരവനടുക്കം: ചെരിവുള്ള മൺതിട്ടയിൽ ആകെയുള്ള പത്ത് സെന്റ്. ഇതിൽ സുരക്ഷിതത്വം കുറഞ്ഞ പഴയ ഓടിട്ട വീട്. റോഡും വെള്ളവും ഇല്ലാത്ത പുരയിടം. ഇതിനായുള്ള അവകാശ തർക്കത്തിലാണ് തിങ്കളാഴ്ച രാത്രി ചെമ്മനാട് ജ്യേഷ്ഠനെ അനുജൻ കൊലക്കത്തിക്കിരയാക്കിയത്. മാവിലറോഡ് പേറവളപ്പിലെ ഐങ്കൂറൻ ചന്ദ്രൻ നായർ (50) വെട്ടേറ്റുമരിച്ച സംഭവത്തിൽ സഹോദരൻ എ. ഗംഗാധരൻ (47) അറസ്റ്റിലായെങ്കിലും വിയോഗം അനാഥമാക്കിയത് ഭാര്യയും രണ്ടുപെൺമക്കളുമടങ്ങിയ കുടുംബത്തിനെയാണ്.
നെഞ്ചിലും കഴുത്തിലും ഏറ്റ സാരമായ മുറിവാണ് ചന്ദ്രന്റെ മരണകാരണം. ശ്വാസനാളംവരെ വെട്ടേറ്റതിന്റെ ആഴമെത്തിയിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളുമായ പേറവളപ്പിലെ എ. മണികണ്ഠൻ (47), എം. ഗോപിനാഥൻ (44) എന്നിവർക്ക് അക്രമം തടയുന്നതിനിടെ വലതുകൈക്ക് വെട്ടേറ്റു. മണികണ്ഠന് ഏറ്റ മുറിവിൽ പത്ത് തുന്നൽ വേണ്ടിവന്നു.
ചന്ദ്രന്റെ അച്ഛൻ അടുക്കാടുക്കം കുമാരൻ നായർ മറ്റൊരു മകനായ നാരായണനൊപ്പമാണ് താമസം. ഒൻപത് വർഷം മുൻപ് മരിച്ച അമ്മ കുഞ്ഞമ്മാറിന്റെ പേരിലാണ് സ്ഥലവും വീടും. രണ്ടാമത്തെ മകനായ അവിവാഹിതനായ ഗംഗാധരൻ 25 വർഷമായി മാറിത്താമസിക്കുകയായിരുന്നു. എങ്കിലും അടുത്ത കാലത്ത് ചന്ദ്രന്റെ വീട്ടിലെത്തി സ്ഥലം തനിക്കും അവകാശപ്പെട്ടതെന്ന് വ്യക്തമാക്കി ശല്യമുണ്ടാക്കുമായിരുന്നു. ചന്ദ്രൻ ഇക്കാര്യം ബന്ധുക്കളോട് പറയുകയും സ്വത്ത് വിഹിതം നൽകാൻ സന്നദ്ധത കാട്ടുകയും ചെയ്തിരുന്നുവത്രേ. എന്നാൽ, പല കാരണങ്ങളാൽ തീരുമാനം നീണ്ടു.
തിങ്കളാഴ്ച രാത്രി ലഹരിക്കടിമപ്പെട്ട് ചന്ദ്രന്റെ വീട്ടിലെത്തിയ ഗംഗാധരൻ സ്വത്ത് ആവശ്യപ്പെട്ട് ബഹളം വെച്ച് വീട്ടുകാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടെ വരാന്തയിലെത്തിയ ചന്ദ്രനുനേരെ സഞ്ചിയിൽ ഒളിപ്പിച്ചിരുന്ന കത്തി വീശുകയായിരുന്നു. മറ്റുള്ളവർക്കുനേരെ കത്തിയുമായി നീങ്ങിയ ഗംഗാധരനെ തടയുന്നതിനിടെയാണ് മണിക്കും ഗോപിക്കും വെട്ടേറ്റത്. അപ്രതീക്ഷിത ആക്രമത്തിൽ പരിക്കേറ്റ് വീട്ടുമുറ്റത്തുവീണ ചന്ദ്രനെ ഓടിക്കൂടിയ നാട്ടുകാർ താങ്ങിയെടുത്ത് നടന്ന് റോഡിലെത്തിച്ചാണ് വാഹനത്തിൽ കയറ്റി ജനറൽ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മുറ്റത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ആക്രമത്തിനുശേഷം കുന്നുകയറി റോഡിലെത്തി രക്ഷപ്പെടാൻ ശ്രമിച്ച ഗംഗാധരനെ നാട്ടുകാർ മൽപ്പിടിത്തത്തിലൂടെ പിടികൂടി മേൽപ്പറമ്പ് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ ചന്ദ്രൻ കുടുംബത്തിന്റെ അത്താണിയായിരുന്നു. ഭാര്യ രമണിക്ക് അസുഖമായതിനാൽ വീട്ടിലെ കാര്യങ്ങളും ചന്ദ്രന്റെ ഉത്തരവാദിത്വത്തിലായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിൽ പി.ജി. മലയാളത്തിന് പഠിക്കുന്ന മൂത്തമകൾ മാളവിക കാൽവഴുതിയുണ്ടായ നീർക്കെട്ടുമൂലം വീട്ടിൽ കഴിയുകയാണ്. ശിവമായയാണ് ഇളയ മകൾ. എന്നും രാവിലെ വീട്ടിലേക്കാവശ്യമായ വെള്ളം ചുമന്നെത്തിച്ചശേഷമാണ് ചന്ദ്രൻ പണിക്ക് പോയിരുന്നത്.