മുംബൈ: പ്രമോദ് മഹാജന്റെ കൊലപാതകം വലിയ ഗൂഢാലോചനയാണെന്നും സത്യം പുറത്തുവരണമെന്നും ബി.ജെ.പി. മുൻ എം.പി.യും മകളുമായ പൂനം മഹാജൻ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും അവർ പറഞ്ഞു.
പ്രമോദ് മഹാജന്റെ കൊലപാതകത്തിലെ ഗൂഢാലോചന നിസ്സാരകാരണങ്ങൾ ചൂണ്ടിക്കാട്ടി മറച്ചുവെച്ചു. ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തുവരും. കൊലപാതകത്തിനുശേഷം, സഹോദരന്മാർ തമ്മിലുള്ള ശത്രുതപോലുള്ള ഒട്ടേറെ സിദ്ധാന്തങ്ങൾ ഉയർന്നുവന്നു. അത് ശരിയല്ല. കൊലപാതകം പണത്തിന്റെയോ അസൂയയുടെയോ കുടുംബപ്രശ്നത്തിന്റെയോ ഫലമായിരുന്നില്ല. സത്യം മറച്ചുവെക്കാൻ കെട്ടിച്ചമച്ച നിസ്സാരകാര്യങ്ങളായിരുന്നു ഇവയെന്നും പൂനം മഹാജൻ പറഞ്ഞു
പ്രമോദ് മഹാജനെ 2006 ഏപ്രിൽ 22-ന് സഹോദരൻ പ്രവീൺ മഹാജനാണ് വെടിവെച്ചുകൊന്നത്. ആ സമയത്ത് രാജ്യസഭാംഗവും ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. വാജ്‌പേയിയുടെ മന്ത്രിസഭയിൽ ടെലികമ്യൂണിക്കേഷൻ മന്ത്രിയെന്നനിലയിൽ അദ്ദേഹം ഇന്ത്യയുടെ സെല്ലുലാർ വിപ്ലവത്തിൽ പ്രധാനപങ്കുവഹിച്ചു.
ഗൂഢാലോചനസിദ്ധാന്തം ബി.ജെ.പി.യിലും പുറത്തും പലരെയും ഞെട്ടിച്ചു. ഗൂഢാലോചനയെക്കുറിച്ച് പൂനത്തിന്റെ പക്കൽ എന്തെങ്കിലും തെളിവുകളും രേഖകളുമുണ്ടെങ്കിൽ അത് അന്വേഷണത്തിനായി സർക്കാരിന് കൈമാറണമെന്ന് മുതിർന്ന ബി.ജെ.പി. മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു. പ്രമോദ് മഹാജൻ ഞങ്ങളുടെ നേതാവായിരുന്നു, അദ്ദേഹത്തിന്റെ മരണം ഒരു ശൂന്യത സൃഷ്ടിച്ചു. പൂനം പറഞ്ഞത് ഞെട്ടിക്കുന്നതാണ്. സമഗ്രമായ അന്വേഷണം നടത്തണം. അദ്ദേഹത്തിന് വെടിയേറ്റപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. കുടുംബവഴക്കിനെത്തുടർന്നാണ് സംഭവം നടന്നതെന്ന് അന്ന് പറയപ്പെട്ടിരുന്നു. അപ്പോഴും ഒരു അന്വേഷണം ഉണ്ടായിരുന്നു, പക്ഷേ ഒന്നും പുറത്തുവന്നില്ലെന്ന് മുതിർന്ന എൻ.സി.പി. നേതാവ് ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു.
കേന്ദ്രസർക്കാർ ഗൗരവത്തേടെ ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രമോദ് മഹാജന്റെ സഹോദരൻ പ്രകാശ് മഹാജനും ആവശ്യപ്പെട്ടു.
Author: VS NEWS DESK
pradeep blr