കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം.തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസാണ് കേസിന്‍റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്,

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോ​ഗിച്ച് സർക്കാർ. കൊച്ചി ഡിസിപി കെ. സുദർശൻ്റെ നേതൃത്വത്തിലുള്ള എട്ട് അം​ഗ സം​ഘമടങ്ങിയ പുതിയ ടീം ആണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്.

ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ വീണ്ടും തയാറെടുക്കുന്നത്. നേരത്തെ പോലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ സതീഷിൻ്റെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുനരഃന്വേഷണത്തിന് വഴി തെളിഞ്ഞത്. പുനരഃന്വേഷണം സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയിൽ സർക്കാർ അനുമതി തേടിയിട്ടുണ്ട്. ഈ ഹർജി കോടതിയുടെ പരി​ഗണനയിലിരിക്കെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോ​ഗിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന സംഘത്തിലെ കേസിൻ്റെ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്ന വി.കെ രാജുവിന് തന്നെയാണ് ഇത്തവണയും ചുമതല. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് ഇത്തവണ പുതിയ സംഘത്തിലും ഉള്ളത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസാണ് കേസിന്‍റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിക്കും. തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുമെന്നാണ് വിവരം. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് വെളിപ്പെടുത്തൽ. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാന്‍ ഇരിക്കുകയായിരുന്നു എന്നും സതീഷ് പറഞ്ഞിരുന്നു.

കൊടകര കുഴല്‍പ്പണക്കേസ് തുടരന്വേഷണം ‘ഉണ്ടയില്ലാ വെടി’യെന്ന് കെ സുധാകരന്‍

കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ  ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി. നേരത്തെ പിണറായിയുടെ പൊലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണ്.

പരസ്പരം സഹായിക്കാമെന്ന ഡീലിന്‍റെ  അടിസ്ഥാനത്തിലാണ് കൊടകര കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയതത്. അതിന്‍റെ  പ്രയോജനം മുഖ്യമന്ത്രിക്കും കിട്ടി. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ നിരവധി  കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രി ജയിലില്‍ പോകാതെ രക്ഷപ്പെട്ടതും  ഈ ഡീലിന്‍റെ  ഭാഗമാണ്. കരുവന്നൂര്‍ നിക്ഷേപ തട്ടിപ്പ്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കേടത്ത്,മാസപ്പടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തടയിട്ടത് ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമായിരുന്ന കൊടകര കുഴല്‍പ്പണക്കേസ് ഇല്ലാതാക്കിയാണ്.

2021 ല്‍ ബിജെപി  41.4 കോടിയോളം കേരളത്തിലെത്തിച്ചെന്നാണ്  കേരള പോലീസ് കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാനാണ് ഇത്രയും വലിയ തുക കൊണ്ടുവന്നത്. ബിജെപിയുടെ കേന്ദ്രനേതൃത്വം കൊടുത്തുവിട്ട പണത്തെക്കുറിച്ച്  കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതേയില്ല. സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും ഒക്കച്ചങ്ങാതിമാരായ കേസു കൂടിയാണിത്. സംസ്ഥാന പോലീസിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ കേസുമായി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് കെ സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നത്.

 

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು