Search
Close this search box.

ട്രംപിന്റെ പ്രചാരണസംഘത്തിലെ മലയാളി; വഴിത്തിരിവായത് റസ്റ്ററന്റ് ജോലി, അച്ചടക്കമുള്ള പ്രചാരണം

കൊല്ലം: യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണസംഘത്തിൽ ഒരു മലയാളിയുണ്ടായിരുന്നു. സാധാരണകുടുംബത്തിൽ ജനിച്ച്, പുനലൂർ ഹൈസ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച സ്റ്റാൻലി ജോസ് എന്ന കുമ്പനാട്ടുകാരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി പ്രചാരണരംഗത്തിറങ്ങിയെങ്കിലും പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു സ്റ്റാൻലി. എന്നാൽ ഇത്തവണ വിജയം ആഹ്ലാദമായി.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ഉപദേശകസമിതി അംഗമാണ് സ്റ്റാൻലി. ഇത്തവണ പെൻസിൽവേനിയയിൽ ന്യൂനപക്ഷങ്ങളായ കറുത്തവർഗക്കാർ, ഏഷ്യക്കാർ, സ്പെയിൻകാർ എന്നിവർക്കിടയിൽ പ്രവർത്തിച്ച് പരമാവധി വോട്ട് നേടുക എന്നതായിരുന്നു നിയോഗം. കഴിഞ്ഞതവണ ട്രംപിന് നഷ്ടമായത് തിരിച്ചുപിടിക്കാൻ സാധിച്ചെന്ന് സ്റ്റാൻലി പറഞ്ഞു.

പുനലൂർ ഹൈസ്കൂളിലെ കെ.എസ്.യു. നേതാവായാണ് സ്റ്റാൻലി രാഷ്ട്രീയജീവിതം തുടങ്ങുന്നത്. സ്റ്റാൻലിയുടെ അച്ഛൻ രാഷ്ട്രീയക്കാരനായിരുന്നു-കുമ്പനാട് വാക്കേപ്പടിക്കൽ വി.സി.ജോർജ്. പഴയ സ്റ്റേറ്റ് കോൺഗ്രസ് നേതാവ് ടി.എം.വർഗീസിനൊപ്പമായിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യ പെന്തക്കോസ്ത് സഭയുടെ പാസ്റ്റർ ആയി. അച്ഛനോടൊപ്പം പുനലൂർ, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായിരുന്നു സ്റ്റാൻലിയുടെ വിദ്യാഭ്യാസം. പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി പെൺകുട്ടി ഷെർളി ജോർജിനെ വിവാഹം ചെയ്തു. അങ്ങനെ അമേരിക്കയിലെത്തി. അവിടെ ജോലിചെയ്ത റസ്റ്ററന്റാണ് വഴിത്തിരിവായത്. അമേരിക്കയിലെ മുതിർന്ന നയതന്ത്രജ്ഞനായ എഡ് റോളിൻസ് അവിടെ വരുമായിരുന്നു. പ്രസിഡൻറ് റെയ്ഗന്റെ പ്രചാരണസമിതി ചെയർമാനായിരുന്ന അദ്ദേഹവുമായി ചങ്ങാത്തത്തിലായി. ചില കാമ്പെയിനുകളിൽ പങ്കാളിയായി.

അവിടെ വീടുവീടാന്തരം കയറിയിറങ്ങാനൊന്നും പറ്റില്ല. ഗ്രൂപ്പ് യോഗങ്ങൾ, ടി.വി.പരസ്യം, പത്രമാധ്യമങ്ങൾ എന്നിവ വഴിയാണ് പ്രചാരണം. വീട്ടിൽ കയറണമെങ്കിൽ മുൻകൂർ അനുമതി വേണം. ഉച്ചഭാഷിണിയും പറ്റില്ല. പോസ്റ്ററുകൾപോലും ചില ഇടങ്ങളിൽമാത്രം. അച്ചടക്കമുള്ള പ്രചാരണമേ പറ്റൂ. പോസ്റ്ററും ബാനറുമൊക്കെ എവിടെയെങ്കിലും തെറ്റിയൊട്ടിച്ചാൽ പിഴ ഉറപ്പ്‌-സ്റ്റാൻലി പറഞ്ഞു.

കോവിഡ്കാലത്തിനുശേഷം എഡ് റോളിൻസിന്റെ സന്ദേശം വന്നു. എന്താ പരിപാടി എന്നായിരുന്നു ചോദ്യം. വെറുതെയിരിക്കുന്നെന്നു പറഞ്ഞപ്പോൾ ഞാനിത്തവണ ട്രംപിന്റെ പ്രചാരണജോലികൾ ഏറ്റെടുത്തിരിക്കുകയാണ്. കൂടെ കൂടിക്കോളാൻ പറഞ്ഞു. കടുത്ത മത്സരമായിരുന്നു. ബൈഡൻ വിജയിച്ചെങ്കിലും പ്രചാരണരംഗത്ത് ഞങ്ങൾ ഒട്ടും മോശമാക്കിയില്ല. ആ അനുഭവം വളരെ വലുതായിരുന്നു. ഇത്തവണയും ടീമിൽ ഉൾപ്പെടുത്തിയത് അതുകൊണ്ടാകും-അദ്ദേഹം പറഞ്ഞു.

VS NEWS DESK
Author: VS NEWS DESK

pradeep blr