Search
Close this search box.

അദാനിക്കേസ്: ന്യായീകരിച്ച് സംസ്ഥാനങ്ങൾ; പഴിയെല്ലാം സോളർ കോർപറേഷന്

ന്യൂഡൽഹി ∙ അദാനി അഴിമതിക്കേസിൽ, ആരോപണവിധേയർ കേന്ദ്ര പുനരുപയോഗ ഊർ‌ജമന്ത്രാലയത്തിനു കീഴിലുള്ള സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയെ (എസ്ഇസിഐ) കവചമാക്കുന്നു. സൗരോർജ കരാർ അദാനി കമ്പനിയുമായല്ല, കേന്ദ്ര സർക്കാർ സ്ഥാപനവുമായിട്ടാണ് ഒപ്പിട്ടതെന്ന വാദമാണ് 3 സംസ്ഥാനങ്ങളിലും അന്നു ഭരണത്തിലുണ്ടായവർ ആവർത്തിക്കുന്നത്.

എസ്ഇസിഐയിൽനിന്നു വൈദ്യുതി വാങ്ങുന്നതിൽ എന്താണു തെറ്റെന്നാണ് വൈഎസ്ആർസിപി (ആന്ധ്ര), ബിജെഡി (ഒഡീഷ), ഡിഎംകെ (തമിഴ്നാട്) എന്നിവരുടെ ന്യായീകരണം. ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരിച്ച കാലത്ത് ഇത്തരമൊരു സംഭവമേയുണ്ടായിട്ടില്ലെന്നാണ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വാദം. കേന്ദ്രഭരണത്തിലുണ്ടായിരുന്ന ജമ്മു കശ്മീരിലെ വിതരണ കമ്പനി പ്രതികരിച്ചില്ല.

അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം സംസ്ഥാനങ്ങൾ ഉയർന്ന വിലയ്ക്കു വാങ്ങാനായി അവിടത്തെ ഉന്നതർക്കു കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നതാണ് യുഎസ് കോടതിയിലെ കേസ്. വൈദ്യുതി അദാനി ഗ്രൂപ്പിൽനിന്നു നേരിട്ടു സംസ്ഥാനങ്ങൾക്കു ലഭിച്ചില്ലെന്നതു സാങ്കേതികമായി ശരിയാണ്. പക്ഷേ, എസ്ഇസിഐ വഴി സംസ്ഥാനങ്ങളിലെത്തിയത് അദാനി വൈദ്യുതിയാണ്. എന്നാൽ കൈക്കൂലി ഇടപാടിൽ പങ്കില്ലെന്നും ആരോപണങ്ങൾ സംസ്ഥാനങ്ങൾക്കെതിരെയാണെന്നും എസ്ഇസിഐ എംഡി ആർ.പി. ഗുപ്ത പറഞ്ഞത്.

കരാർ സമയത്തു ഭരണത്തിലുണ്ടായിരുന്ന പാർട്ടിയുടെ പ്രതികരണം:

∙ അദാനി ഗ്രൂപ്പുമായി നേരിട്ടൊരു കരാറുമില്ല. 7 ഗിഗാവാട്ട് വൈദ്യുതി വാങ്ങാനായി 2021ൽ കരാർ ഒപ്പിട്ടത് എസ്ഇസിഐയും ആന്ധ്രയിലെ വിതരണകമ്പനികളും തമ്മിലാണ്. യൂണിറ്റിന് 2.49 രൂപയ്ക്കായിരുന്നു കരാർ. പ്രതിവർഷം 3,700 കോടി രൂപയാണു സംസ്ഥാനത്തിനു ലാഭമുണ്ടായത്. 25 വർഷത്തേക്കുള്ള കരാറായതിനാൽ ഇത് ഏറെ പ്രയോജനകരമാണ് – ആന്ധ്രപ്രദേശ് (വൈസ്എസ്ആർസിപി)

∙ 500 മെഗാവാട്ട് സൗരോർജം കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ എസ്ഇസിഐയുമായിട്ടാണു കരാർ ഒപ്പുവച്ചത്. ഇത് 2 സർക്കാർ ഏജൻസികൾ തമ്മിലുള്ള കരാറാണ്. അദാനി ഗ്രൂപ്പ് പോലെയുള്ള സ്വകാര്യകക്ഷികളാരും ഇതിന്റെ ഭാഗമല്ല. – ഒഡീഷ (ബിജെഡി)

∙ 1,500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള എസ്ഇസിഐയുമായാണ് ബോർഡ് കരാറിൽ ഏർപ്പെട്ടത്. യൂണിറ്റിന് 2.61 രൂപയായിരുന്നു നിരക്ക്. ഇതു തീർത്തും കുറവാണ്. – തമിഴ്നാട് (ഡിഎംകെ)

∙ കേന്ദ്രമാണു സംസ്ഥാനത്തെ പല വൈദ്യുതി കമ്പനികളും അദാനിക്ക് നൽകിയത്. അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്നതിൽ തർക്കമില്ല. – ഛത്തീസ്ഗഡ് (കോൺഗ്രസ്)

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು