മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി ഭരണകക്ഷിയായ മഹായുതി സഖ്യം മുന്നേറുന്നതിനിടെ കടുത്ത ആരോപണവുമായി ശിവസേന യുബിടി വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ആദ്യഫല സൂചനകളിൽ തന്നെ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് വമ്പൻ വിജയം ഉറപ്പായതോടെയാണ് സഞ്ജയ് റാവത്ത് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. തോൽവി സമ്മതിക്കാൻ സഞ്ജയ് റാവത്ത് കൂട്ടാക്കിയില്ല.
പ്രതിപക്ഷത്തിന്റെ സീറ്റുകൾ പോലും മഹായുതി സഖ്യം കട്ടെടുത്തു എന്നാണ് സഞ്ജയ് റാവത്ത് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിൽ ബിജെപി ക്രമേക്കേട് കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരിക്കലും പൊതുജനത്തിന്റെ തീരുമാനമല്ല. ഒരിക്കലും ജനങ്ങൾ ഈ ഫലം അംഗീകരിക്കില്ല; സഞ്ജയ് റാവത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പറഞ്ഞു.
‘ഷിൻഡെയ്ക്ക് 60 സീറ്റും അജിത് പവാറിന് 40 സീറ്റും ബിജെപിക്ക് 125 സീറ്റും ലഭിക്കുമോ? ഈ സംസ്ഥാനത്തെ ജനങ്ങൾ സത്യസന്ധത ഇല്ലാത്തവരല്ല’ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതിന് പിന്നാലെയാണ് സഞ്ജയ് റാവത്ത് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സമാന ആരോപണവുമായി രംഗത്ത് വരുന്നത്. എന്നാൽ ഇതിന് മറുപടിയുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.
ജനങ്ങളുടെ വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു ബിജെപി ഇതിന് നൽകിയ മറുപടി. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ മഹാരാഷ്ട്രയ്ക്ക് വളർച്ച ഉണ്ടാവുമെന്ന് ബിജെപി നേതാവ് പ്രവീൺ ദാരേക്കർ ചൂണ്ടിക്കാട്ടി. കൂടാതെ പ്രതിപക്ഷം ഉയർത്തിയ ക്രമക്കേട് ആരോപണങ്ങളെ ബിജെപി തള്ളുകയും ചെയ്‌തു.
നേരത്തെ എക്‌സിറ്റ് പോളുകൾ ഭൂരിഭാഗവും ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് തന്നെയാണ് ജയം പ്രവചിച്ചിരുന്നത്. എന്നാൽ ഇത്രയും വലിയ നേട്ടം ഭരണകക്ഷി പോലും മുന്നിൽ കണ്ടിരുന്നില്ല. വമ്പൻ തോൽവിയുടെ ഞെട്ടലിലാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായി മഹാവികാസ് അഘാഡി. സഖ്യത്തിലെ പല പാർട്ടികൾക്കും പ്രതീക്ഷിച്ചതിന്റെ പത്തിലൊന്ന് പ്രകടനം പോലും നടത്താൻ കഴിഞ്ഞിരുന്നില്ല.
സംസ്ഥാനത്ത് ആദ്യഘട്ടം മുതൽ വച്ചുപുലർത്തിയ മുന്നേറ്റം വോട്ടെണ്ണൽ അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോഴും മഹായുതി സഖ്യം കൈവിട്ടിട്ടില്ല. കേവല ഭൂരിപക്ഷവും കടന്ന് കുതിച്ച മുന്നണിയുടെ സീറ്റ് നില 200 പിന്നിട്ടിരുന്നു. നിലവിൽ 218 സീറ്റുകളിലാണ് സംസ്ഥാനത്ത് മഹായുതി സഖ്യം മുന്നിട്ട് നിൽക്കുന്നത്. എന്നാൽ മികച്ച പ്രകടനം നടത്തുമെന്ന് കരുതിയ കോൺഗ്രസ് സഖ്യത്തിന് ഒന്നും നേടാനായില്ല.
മറുവശത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയിൽ എല്ലാ കക്ഷികളും മികച്ച പ്രകടനമാണ് നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽ നിന്ന് സംസ്ഥാനത്തെ ബിജെപി കരകയറി എന്നതാണ് ഈ ഫലത്തിന്റെ പ്രാധാന്യം. നിലവിൽ സംസ്ഥാനത്ത് നൂറ്റിഇരുപതിലധികം സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി
അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനം ഇക്കുറി സഖ്യ കക്ഷികൾക്ക് പോവില്ലെന്നാണ് വിലയിരുത്തൽ. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ബിജെപി തന്നെയാവും ഇത്തവണ മന്ത്രിസഭയിൽ പ്രധാന സ്ഥാനം കൈയാളുക. അങ്ങനെയെങ്കിൽ ദേവേന്ദ്ര ഫഡ്‌നാവിവിസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമോ എന്നാണ് കണ്ടറിയേണ്ടത്.
Author: VS NEWS DESK
pradeep blr