ബെംഗളൂരു∙ കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഭരണസഖ്യമായ കോൺഗ്രസ് തന്നെ മുന്നിൽ. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ എന്നീ മണ്ഡലങ്ങളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൻഡിഎ സിറ്റിങ് സീറ്റായ കർണാടകയിലെ ചന്നപട്ടണയിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് വിജയിച്ചത്. കേന്ദ്രമന്ത്രിയും ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റുമായ കുമാരസ്വാമി രാജിവച്ച ഒഴിവിൽ മകൻ നിഖിൽ ആണ് എൻഡിഎ സ്ഥാനാർഥിയായത്. സി.പി. യോഗീശ്വരയാണ് കോൺഗ്രസിനായി മത്സരിച്ചത്.
അഞ്ചുതവണ എംഎൽഎയും മുൻമന്ത്രിയും നടനുമായിരുന്ന യോഗീശ്വര 93,901 വോട്ടുകൾ നേടി. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുൻപാണ് അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്. 24,831 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. നിഖിലിനായി ബിജെപി, ജെഡിഎസ് നേതാക്കൾ ശക്തമായി പ്രചാരണ രംഗത്തിറങ്ങിയിരുന്നു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ സന്ദൂറിൽ ബെല്ലാരി എംപി തുക്കാറാമിന്റെ ഭാര്യ ഇ. അന്നപൂർണയാണു മത്സരിക്കുന്നത്. ഭർത്താവ് ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കുവേണ്ടി എസ്ടി മോർച്ച പ്രസിഡന്റ് ബംഗാരു ഹനുമന്തു ആണ് മത്സരിച്ചത്. 9,568 വോട്ടുകളാണു ഭൂരിപക്ഷം.
ഷിഗ്ഗാവിൽ ബിജെപിയുടെ ഭാരത് ബൊമ്മ 14,000ൽ പരം വോട്ടുകൾക്കു പിന്നിലാണ്. മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ മകനാണ് ഭാരത്. ഇവിടെ കോൺഗ്രസിനുവേണ്ടി യാസിർ അഹമ്മദ് ഖാൻ പഠാൻ ആണ് മത്സരിക്കുന്നത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബൊമ്മയ്‌ക്കെതിരെ മത്സരിച്ചു പഠാൻ പരാജയപ്പെട്ടിരുന്നു.
Author: VS NEWS DESK
pradeep blr