നയന്‍താര-ധനുഷ് പോര് ഹൈക്കോടതിയിലും; പകര്‍പ്പവകാശം ലംഘിച്ചു, നയന്‍താരയ്ക്ക് നോട്ടീസ്

ചെന്നൈ: നടി നയന്‍താരയ്‌ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നടന്‍ ധനുഷ്. തന്റെ അനുവാദം വാങ്ങാതെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ താന്‍ നിര്‍മ്മിച്ച നാനും റൗഡി താനിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചു എന്നാരോപിച്ചാണ് ധനുഷ് നയന്‍താരയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നയന്‍താരയെ കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ് ശിവനെതിരേയും ധനുഷ് പരാതി നല്‍കിയിട്ടുണ്ട്.

നയന്‍താരയുടേയും വിഘ്‌നേഷിന്റേയും ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരേയും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയായ നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലില്‍ നാനും റൗഡി ധാനില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ അവര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ധനുഷ് അവകാശപ്പെടുന്നു.

Nayanthara-Dhanush Issue

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലെ ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനമായ ലോസ് ഗാതോസ് പ്രൊഡക്ഷന്‍ സര്‍വീസസ് ഇന്ത്യ എല്‍എല്‍പി എന്ന സ്ഥാപനത്തിനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് ധനുഷിന്റെ കമ്പനിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ധനുഷിന്റെ ഹര്‍ജിയില്‍ നയന്‍താരയോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്

നയന്‍താര പകര്‍പ്പവകാശം ലംഘിച്ചു എന്നാണ് ധനുഷ് ആരോപിക്കുന്നത്. നേരത്തെ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടു എന്നാരോപിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു. ധനുഷ് നീചനാണ് എന്നും നടി ആരോപിച്ചിരുന്നു. സിനിമയിലെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ബിടിഎസ് വീഡിയോയ്ക്ക് 10 കോടി രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു നയന്‍സ് പറഞ്ഞത്.

കഴിഞ്ഞ ആഴ്ച നയന്‍താരയുടെ 40-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. ഇതിന് പിന്നാലെ ബിടിഎസ് വീഡിയോയ്ക്ക് അനുമതി വാങ്ങിയില്ല എന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ദൃശ്യങ്ങള്‍ നീക്കം ചെയ്യണം എന്നും അല്ലാത്തപക്ഷം 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നുമായിരുന്നു വക്കീല്‍ നോട്ടീസ് ഉണ്ടായിരുന്നത്.

ഇതിന്റെ തുടര്‍ച്ചയാണ് ഹൈക്കോടതിയിലെ ഹര്‍ജി. നയന്‍താര അഭിനയിച്ച് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് നാനും റൗഡി താന്‍. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനായിരുന്നു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. 2022 ല്‍ ആയിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು