Search
Close this search box.

Soubin Shahir Raid : നടൻ സൗബിൻ ഷാഹിറിൻ്റെ ഓഫീസിൽ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

കൊച്ചി : നടൻ സൗബിൻ ഷാഹിറിൻ്റെ (Soubin Shahir) കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന. ആദായനികുതി വകുപ്പിൻ്റെ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്. സൗബിൻ്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ സാമ്പത്തിക ഇടപാടിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് റെയ്ഡ്. സൗബിൻ്റെ ഓഫീസിന് പുറമെ സിനിമ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഡ്രീം ബിഗ് ഫിലിംസിൻ്റെ കൊച്ചിയിലെ ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. സൗബിൻ അഭിനയിച്ചതും നിർമിച്ചതുമായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ കേസുമായി ബന്ധപ്പെട്ടാണ് ഐടി റെയ്ഡ്. സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെയും അന്വേഷണവും പുരോഗമിക്കുകയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 220 കോടിയിൽ അധികമായിരുന്നു മഞ്ഞുമ്മൽ ബോയ്സിൻ്റെ ആകെ കളക്ഷൻ.

ചിട്ടി അടക്കം നൽകുന്ന ഒരു ധനകാര്യ സ്ഥാപനത്തിൻ്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് സൗബിൻ്റെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. സൗബിൻ്റെ ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലായിട്ടാണ് ഐടി വകുപ്പ് പരിശോധന നടത്തുന്നത്. ഡ്രീം ബിഗ് ഫിലിംസിൻ്റെ ഉടമയായ ബിനീഷിന് അടുത്തിടെ ഇത്രയധികം പണം എങ്ങനെ ലഭിച്ചതെന്നതിനുള്ള ശ്രോതസ് അറിയാനും കൂടി റെയ്ഡ്. തമിഴ് ചിത്രം പൊന്നിയിൻ സെൽവനടക്കം ചിത്രങ്ങൾ മലയാളത്തിൽ വിതരണം ചെയ്ത സിനിമ കമ്പനിയാണ് ഡ്രീം ബിഗ് ഫിലിംസ്. സൗബിൻ്റെ പറവയും ഡ്രീം ബിഗ് ഫിലിംസും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഫണ്ടിങ് കമ്പനിയുണ്ട് അത് കണ്ടെത്തുകയാണ് ആദായനികുതി വകുപ്പിൻ്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

സൗബിൻ നിർമിച്ച മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ വലിയ ഹിറ്റും കളക്ഷനും നേടിയെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഇഡി അന്വേഷണത്തിൽ ഇത് വ്യാജമാണെന്നും തെളിഞ്ഞിരുന്നു. ഈ വ്യാജ പ്രചാരണത്തിൻ്റെ മറവിലൂടെ നിരവധി കള്ളപ്പണം വെള്ളുപ്പിച്ചമെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. ആ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിൻ്റെ ഇന്നത്തെ റെയ്ഡ്.

നേരത്തെ അരൂർ സ്വദേശിയാണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ വഞ്ചനക്കുറ്റവുമായി രംഗത്തെത്തിയത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാണത്തിനായി ഏഴ് കോടി രൂപ ചിലവാക്കിയെന്നും, എന്നാൽ കൃത്യമായ ലാഭവിഹിതം നിർമാതാക്കൾ നൽകിയില്ലെന്നും ആരോപിച്ചുകൊണ്ടാണ് അരൂർ സ്വദേശി കേസുമായി രംഗത്തെത്തിയത്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും സിനിമയുടെ നിർമാണവും മറ്റ് ചിലവകുളുടെയും മറവിൽ കള്ളപ്പണം ഇടപാട് ഉണ്ടായി എന്നുള്ള ആരോപണം പുറത്ത് വന്നു. തുടർന്ന് ഒത്തുതീർപ്പ് നടക്കാതെ വരികയും ചെയ്തു. ഈ ആരോപണത്തിന് പിന്നാലെയാണ് ഇഡി അന്വേഷണം നടനും നടൻ്റെ കമ്പനിക്കുമെതിരെയും രജിസ്റ്റർ ചെയ്തത്. ഈ അന്വേഷണത്തിൻ്റെ ബാക്കി പത്രമാണ് ഇന്ന് സംസ്ഥാനത്തെ ഏഴ് ഇടങ്ങളിൽ നടക്കുന്ന ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

VS NEWS DESK
Author: VS NEWS DESK

pradeep blr