ഇംഫാല്‍: മിസോറാം മുഖ്യമന്ത്രി ലാൽദുഹോമയ്ക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി മണിപ്പൂർ സർക്കാർ. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങ് സംസ്ഥാനത്തിനും ബി ജെ പിക്കും ബാധ്യതയാണെന്ന് ലാൽദുഹോമ ആരോപിച്ചിരുന്നു. സംഘർഷം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മിസോറാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മണിപ്പൂറിന്റെ ഭാഗത്ത് നിന്നും മറുപടിയുണ്ടായത്.
രാഷ്ട്രീയപരമായി കൂടി കടന്നാക്രമിക്കുന്ന രീതിയിലാണ് ലാൽദുഹോമയ്ക്കുള്ള മറുപടി. 1986-ൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ എംപി എന്ന ബഹുമതി നേടിയത് ലാൽദുഹോമയാണെന്ന് മറക്കരുതെന്ന് മണിപ്പൂർ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുപ്പത്തിനാല് വർഷത്തിന് ശേഷം 2020 ൽ, അതേ നിയമം ലംഘിച്ചതിന് അയോഗ്യനാക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ എം എൽ എയായി അദ്ദേഹം മാറിയെന്നും മണിപ്പൂർ സർക്കാർ പറഞ്ഞു.
“ബംഗ്ലദേശ്, മ്യാൻമർ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദേശങ്ങൾ വിഭജിച്ച് ഒരു ക്രിസ്ത്യൻ രാഷ്ട്രം രൂപീകരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് മിസോറം മുഖ്യമന്ത്രി അടുത്തിടെ യുഎസിൽ വിവാദ പ്രസംഗം നടത്തിയതും ഓർക്കണം. ” മണിപ്പൂർ സർക്കാർ പറഞ്ഞു.
മ്യാൻമർ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവയുടെ തുടർച്ചയായ പ്രദേശങ്ങളിൽ നിന്ന് കുക്കി-ചിൻ ക്രിസ്ത്യൻ രാഷ്ട്രം രൂപപ്പെടുത്തുക എന്ന മഹത്തായ അജണ്ടയെക്കുറിച്ച് ഇന്ത്യ ജാഗ്രത പുലർത്തണം. അനധികൃത കുടിയേറ്റം, ഭൂമി കൈയേറ്റം, യഥാർത്ഥ തദ്ദേശീയരെ കുടിയിറക്കൽ എന്നിവയിലൂടെ പതിറ്റാണ്ടുകളായി കൃത്യമായ ആസൂത്രണം നടത്തുകയാണ്. കുക്കി-ചിൻ ആധിപത്യം പുലർത്തുന്ന ജില്ലകൾ, സ്വയംഭരണാധികാരമുള്ള ജില്ലാ കൗൺസിലുകൾ സ്ഥാപിക്കൽ, അത്തരം കൗൺസിലുകളെ ഷെഡ്യൂൾഡ് ഏരിയകളിലേക്ക് ഉയർത്തൽ. ഒടുവില്‍ കുക്കി-ചിൻ പ്രദേശങ്ങളുടെ സംയോജനവും ഒടുവിൽ ദേശീയതയുമാണ് അവരുടെ ലക്ഷ്യമെന്നും മണിപ്പൂർ ആരോപിക്കുന്നു.
ഈ ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി ഭൂമി പിടിച്ചെടുക്കുന്നതിനും ഗ്രേറ്റർ മിസോറാം സൃഷ്ടിക്കുന്നതിനുമായി മിസോറാമിൽ നിന്ന് മണിപ്പൂരിലേക്ക് അനധികൃതമായി കുക്കി-ചിൻ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തിനെതിരേയും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മണിപ്പൂർ സർക്കാർ കൂട്ടിച്ചേർത്തു.
അതേസമയം, മണിപ്പൂരില്‍ സംഘർഷത്തിന് നേരിയ അയവുണ്ടായതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു. കലാപം തുടങ്ങിയപ്പോൾ അടച്ച സ്കൂളുകൾ 13 ദിവസത്തിനു ശേഷമാണ് തുറക്കുന്നത്. സ്കൂളുകൾക്കു പുറമെ സംസ്ഥാനത്തെ കോളജുകളും സർവകലാശാലകളും പ്രവർത്തനമാരംഭിച്ചു.
Author: VS NEWS DESK
pradeep blr