ഡിജിപി നിയമനത്തിലേക്കുള്ള എളുപ്പവഴി കാക്കിക്കളസമോ?’: സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അന്‍വർ

എഡിജിപി എംആർ അജിത് കുമാറിനെ ഡിജിപിയായി ഉയർത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പിവി അന്‍വർ എംഎല്‍എ. ഡിജിപി നിയമനത്തിലേക്കുള്ള എളുപ്പവഴി കാക്കിക്കളസമാണോയെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നിലമ്പൂർ എംഎല്‍എ ചോദിക്കുന്നത്. കേരളാപോലീസ് ഇന്നുവരെ കണ്ട ഏറ്റവും വലിയ നൊട്ടോറിയസ് ക്രിമിനലിനായ സംഘപരിവാറുകാരനെയാണ് ഇടതുപക്ഷമെന്നു വിളിക്കുന്നൊരു സർക്കാർ പോലീസിന്റെ താക്കോൽസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എഡിജിപി അജിത് കുമാറിനെ ഡിജിപിയായി ഉയർത്താൻ തടസ്സങ്ങളില്ലെന്ന മന്ത്രിസഭാതീരുമാനം ഞെട്ടലോടെയാണ് കേരളം കേട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ഞാനുൾപ്പെടെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെയാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് സംസ്ഥാന സർക്കാർ നീങ്ങുന്നത്. കേരളത്തിന്റെ ജനകീയ മനസാക്ഷിയേയും നീതിബോധത്തേയും വെല്ലുവിളിച്ചുകൊണ്ട് പിണറായി വിജയനും പി.ശശിയുമുൾപ്പെടെ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയർന്നുവരേണ്ടതുണ്ട്.നിരവധി വിഷയങ്ങളിൽ ആരോപണമുണ്ടായിട്ടും എഫ്.ഐ.ആർ ഇട്ട് അന്വേഷണത്തിലേക്ക് പോകാത്തത് ഇത്തരമൊരു സ്ഥാനക്കയറ്റം മുന്നിൽക്കണ്ടുകൊണ്ടുതന്നെയാണെന്നാണ് വെളിപ്പെടുന്നത്. പി.രാജീവ് അടക്കമുള്ളവർ പറയുന്ന സാങ്കേതികത്വം ഇവർതന്നെ അജിത് കുമാറിന് വേണ്ടി ബോധപൂർവം സൃഷ്ടിച്ചതാണെന്നുകൂടിയാണ് പുറത്തുവരുന്നത്.

കേരളാപോലീസ് ഇന്നുവരെ കണ്ട ഏറ്റവും വലിയ നൊട്ടോറിയസ് ക്രിമിനലിനായ സംഘപരിവാറുകാരനെയാണ് ഇടതുപക്ഷമെന്നു വിളിക്കുന്നൊരു സർക്കാർ പോലീസിന്റെ താക്കോൽസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. തൃശൂർപൂരം അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് ഡിജിപി നിയമനത്തിലേക്ക് അജിത്കുമാറിന്റെ പേരുകൂടി വരുന്നത്. അന്വേഷണം പ്രഹസനമാണ് എന്ന് നേരത്തേയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണത്തിന് തയാറാവണമെന്നും പറഞ്ഞത്. എന്നാൽ ഇത്തരത്തിലൊരു ലിസ്റ്റ് വരാനിരിക്കെ അജിത്കുമാറിനെ സംരക്ഷിക്കുകയെന്ന അജണ്ട മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രറിക്കുമുള്ളതുകൊണ്ടുകൂടിയാണ് അത്തരത്തിലൊരു നീക്കത്തിലേക്ക് സർക്കാർ പോകാതിരുന്നത്.

ഇക്കാര്യത്തിൽ സിപിഐക്കാരുടെ കാര്യമാണ് കഷ്ടം. അവർ തേങ്ങയുടക്കും തേങ്ങയുടക്കും എന്നു പറയുന്നതല്ലാതെ മന്ത്രിസഭാ തീരുമാനത്തിൽ അംഗീകാരം രേഖപ്പെടുത്തുകയും പുറത്തുവന്ന് മാധ്യമങ്ങളോട് ചപ്പടാച്ചി വർത്തമാനം പറയുകയുമാണ് ചെയ്യുന്നത്.

കോഴിക്കോട് എയർപോർട്ടുവഴി പുറത്തേക്കുവരുന്ന സ്വർണ്ണക്കടത്തുകാരുമായ് അജിത്കുമാറുമായുള്ള ബന്ധം സംബന്ധിച്ചും അത് മറച്ചുവെക്കാൻ നിരപരാധികളായ ആളുകളെ പ്രതിയാക്കുന്നതു സംബന്ധിച്ചും കവടിയാർ ഭാഗത്ത് എ.ഡി.ജി.പി പണിയുന്ന ആഡംബര ഫ്ലാറ്റ് സംബന്ധിച്ചും അയാളുടെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള തെളിവുകളുകളും നേരത്തേ പുറത്തുവിട്ടതാണ്.

2023 ആഗസ്റ്റിൽ ലഹരിക്കേസിൽ പിടിക്കപ്പെട്ട് താനൂരിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാമായിരുന്നു എന്ന് പറയപ്പെടുന്ന എടവണ്ണയിലെ പുലിക്കുന്ന് മലയിൽ വെടിയേറ്റു മരിച്ച റിദാൻ ബാസിൽ, റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനം ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങൾ മുറിച്ചുകടത്തിയെതു സംബന്ധിച്ചും എ.ഡി.ജി.പി എം.ആർ. അജി ത്കുമാറിനടക്കമുള്ള പോലീസ് മേധാവികൾക്കുള്ള പങ്ക് സംബന്ധിച്ചും തെളിവുകളടക്കം സമർപ്പിച്ചിട്ടും എഫ്.ഐ.ആർപോലുമിടാതെ അജിത് കുമാറിനെ സംരക്ഷിച്ചത് ഡിജിപി പദവിയിലേക്കുള്ള പാത വെട്ടിത്തുറക്കാൻതന്നെയാണെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്.

കവടിയാറിൽ മുപ്പത്തിമൂന്നുലക്ഷത്തി എൺപതിനായിരം രൂപ ആധാരത്തിൽകാണിച്ച് വാങ്ങിയ ഫ്ലാറ്റിന്റെ ഇടപാടുകൾ നടന്നത് ബാങ്കുവഴിയല്ല. നേരിട്ട് ക്യാഷ് കൊടുക്കുകയാണ് ചെയ്യുന്നത്. അത് വാങ്ങി പത്താമത്തെ ദിവസം അറുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് മറിച്ചുവിൽക്കുന്നതും ബാങ്കുവഴിയല്ലാത്ത കള്ളപ്പണ ഇടപാടുവഴിയാണ്. ഇത് സംബന്ധിച്ച ആധാരമുൾപ്പെടെയുള്ള രേഖകൾ അന്വേഷണോദ്യോഗസ്ഥർക്ക് കൊടുത്തതാണ്. എഫ്.ഐ.ആറിട്ട് അന്വേഷണം നടത്താൻ ഏതാനും മണിക്കൂറുകൾ മതിയായിരുന്നിട്ടും അക്കാര്യത്തിൽപ്പോലും എഫ്.ഐ.ആറിടാതെ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്തുവന്ന ലിസ്റ്റിലൂടെ വെളിപ്പെടുന്നത്.ഇനി പിണറായിക്കും അജിത്കുമാറിനും ചെയ്യാനുള്ളത്, ഡിജിപി യൂണിഫോമിൽ മാറ്റംവരുത്തി കാക്കി ട്രൗസറും ദണ്ഡും നൽകണമെന്നാണ് പറയാനുള്ളത്.

VS NEWS DESK
Author: VS NEWS DESK

pradeep blr