കാടിനുള്ളിലൊരു കാര്‍… കാറിനുള്ളില്‍ 52 കിലോ സ്വര്‍ണവും 10 കോടി രൂപയും! ഉടമസ്ഥനില്ല

ഭോപ്പാല്‍: ഭോപ്പാലില്‍ ആദായ നികുതി വകുപ്പും ലോകായുക്ത പൊലീസും നടത്തിയ പ്രത്യേക റെയ്ഡുകളില്‍ കോടികളുടെ സ്വര്‍ണവും പണവും പിടിച്ചെടുത്തു. രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന നക്‌സസില്‍ നിന്നാണ് സ്വര്‍ണവും പണവും പിടിച്ചെടുത്തിരിക്കുന്നത്. അതിനിടെ ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറില്‍ നിന്ന് 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകളും 10 കോടി രൂപ പണവും കണ്ടെത്തി.

വനപാതയിലൂടെ സ്വര്‍ണം കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെന്‍ഡോറി വനമേഖലയില്‍ കാര്‍ കണ്ടെത്തിയത്. 100 പൊലീസുകാരും 30 പൊലീസ് വാഹനങ്ങളും അടങ്ങുന്ന സംഘം കാര്‍ വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ കാറിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. പരിശോധനയില്‍ രണ്ട് ബാഗുകളിലായി സ്വര്‍ണവും പണവും കണ്ടെത്തുകയായിരുന്നു.

റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ (ആര്‍ടിഒ) മുന്‍ കോണ്‍സ്റ്റബിളായ സൗരഭ് ശര്‍മ്മയുടെ അസോസിയേറ്റ് ആയിരുന്ന ചേതന്‍ ഗൗറിന്റെതാണ് കാര്‍. ഇയാള്‍ ഗ്വാളിയോറില്‍ ആണ് താമസിക്കുന്നത്. സൗരഭ് ശര്‍മ്മയും ചില ബില്‍ഡര്‍മാരും ഇതിനകം തന്നെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്നുണ്ട്. പിടിച്ചെടുത്ത സ്വര്‍ണവും പണവും തമ്മില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നാണ് സംശയം.

അതേസമയം പണവും സ്വര്‍ണവം അവകാശപ്പെട്ട് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഈ സ്വത്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ, വ്യാഴാഴ്ച ലോകായുക്ത സംഘം ഭോപ്പാലിലെ അരേര കോളനിയിലുള്ള ശര്‍മ്മയുടെ വീട്ടില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ ഒരു കോടിയിലധികം പണവും അരക്കിലോ സ്വര്‍ണവും വജ്രവും വെള്ളിയും ചില രേഖകളും കണ്ടെത്തി.

കഴിഞ്ഞ രണ്ട് ദിവസമായി ഭോപ്പാലില്‍ മാരത്തണ്‍ സെര്‍ച്ച് ഓപ്പറേഷനുകളാണ് ആദായ നികുതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്വേഷണം നേരിടുന്ന ബില്‍ഡര്‍മാര്‍ക്ക് പ്രമുഖ രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്ന് ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നു. ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തവരില്‍ പ്രാദേശിക നിര്‍മാണ ബിസിനസിലെ പ്രധാന വ്യക്തിയായ ത്രിശൂല്‍ കണ്‍സ്ട്രക്ഷന്‍സിന്റെ രാജേഷ് ശര്‍മയും ഉള്‍പ്പെടുന്നു.സുപ്രധാന പ്രോജക്ടുകള്‍ക്കായി കരാറുകള്‍ നല്‍കാന്‍ അദ്ദേഹത്തെ സഹായിച്ച വളരെ മുതിര്‍ന്ന ഒരു മുന്‍ ഉദ്യോഗസ്ഥനും അദ്ദേഹവുമായി അടുപ്പമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കെട്ടിട നിര്‍മാതാക്കളില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് കോടി രൂപയും ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളും ഭൂമിയും സ്വത്തും സമ്പാദിച്ചതുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു. ശര്‍മയുടെ പത്തോളം ലോക്കറുകളും 5 ഏക്കര്‍ ഭൂമി വാങ്ങിയതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

VS NEWS DESK
Author: VS NEWS DESK

pradeep blr