അജിത് കുമാര്‍ ‘ക്ലീന്‍’; ആരോപണങ്ങളെല്ലാം തള്ളി വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ എ ഡി ജി പി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളില്‍ അജിത് കുമാറിന് അനുകൂലമായ കണ്ടെത്തലാണ് വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.അന്തിമ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡി ജി പിക്ക് കൈമാറും. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നാല് ആരോപണങ്ങളാണ് അന്‍വര്‍ അജിത് കുമാറിനെതിരെ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതിലൊന്നും കഴമ്പില്ല എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കവടിയാര്‍ കൊട്ടാരത്തിന് സമീപം കോടികള്‍ മുടക്കി അജിത് കുമാര്‍ ആഡംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.താഴത്തെ കാര്‍ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടമാണ് അജിത് കുമാര്‍ പണികഴിപ്പിക്കുന്നത്. അനധികൃതമായ സ്വത്ത് സമ്പാദനത്തിലൂടേയാണ് ഇതിനുള്ള പണം അജിത് കുമാര്‍ കണ്ടെത്തിയത് എന്നായിരുന്നു ആരോപണം. എന്നാല്‍ എസ്ബിഐയില്‍ നിന്ന് ഒന്നര കോടി രൂപ വായ്പയെടുത്താണ് വീട് നിര്‍മിക്കുന്നത് എന്നും വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറവന്‍കോണത്ത് ഫ്‌ളാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നുമായിരുന്നു അടുത്ത ആരോപണം. എന്നാല്‍ ഇത് സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതാണ് എന്നാണ് വിജിലന്‍സ് പറയുന്നത്. 2009 ല്‍ കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ളാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപക്ക് കരാര്‍ ഒപ്പിട്ടു. ഇതിനായി 25 ലക്ഷം രൂപ അജിത് കുമാര്‍ വായ്പയെടുക്കുകയും ചെയ്തു.
2013 ല്‍ ആണ് കമ്പനി ഫളാറ്റ് കൈമാറിയത്. പക്ഷെ അന്ന് സ്വന്തം പേരിലേക്ക് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഈ ഫ്‌ളാറ്റില്‍ നാല് വര്‍ഷം താമസിച്ചു. അതിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഫ്‌ളാറ്റ് വിറ്റു. 2016 ല്‍ ആയിരുന്നു ഇത്. വില്‍പനക്ക് പത്ത് ദിവസം മുമ്പാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്തത്. എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് ഫ്‌ളാറ്റിന്റെ വിലയില്‍ ഉണ്ടായത് എന്നും വിജിലന്‍സ് പറയുന്നു.
ഇക്കാര്യത്തിലും സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും അജിത് കുമാര്‍ പാലിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തായിരുന്നു മറ്റൊരു ആരോപണം. കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തു. ഇതിന്റെ വിഹിതം അജിത് കുമാറിനും ലഭിച്ചു എന്നായിരുന്നു അന്‍വര്‍ ആരോപിച്ചത്.

എന്നാല്‍ ഇതിലും അജിത് കുമാറിന് ക്ലീന്‍ ചിറ്റാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന തെളിവുകളില്ല എന്നാണ് വിജിലന്‍സ് പറയുന്നത്.

അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതിന് പിന്നാലെയാണ് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് എന്നതും ശ്രദ്ധേയമാണ്. അജിത് കുമാറിനെതിരെ ഇനി നിലവിലുള്ളത് തൃശൂര്‍ പൂരം അട്ടിമറിയിലെ അന്വേഷണം മാത്രമാണ്.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು