മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര ബിഎംസി (തദ്ദേശ) തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് വിഭാഗം ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന സൂചന നൽകി മുതിർന്ന നേതാവ് സഞ്ജയ് റാവത്ത്. കോൺഗ്രസുമായും ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗവുമായും സഹകരിക്കാതെ ബ്രിഹൻമുംബൈ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന വിഭാഗത്തിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് ഇന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്.
അടുത്തിടെ കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാവികാസ് അഘാഡിക്ക് ഒപ്പമായിരുന്നു ശിവസേന ഉദ്ധവ് വിഭാഗം മത്സരിച്ചത്. കോൺഗ്രസ്, എൻസിപി ശരദ് പവാർ വിഭാഗം എന്നിവരും ഒപ്പമുണ്ടായിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് ഈ പ്രതിപക്ഷ സഖ്യം ഉണ്ടാക്കിയെടുത്തത്.
എന്നാൽ ഇതേ മികവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ മുന്നണിക്ക് കഴിഞ്ഞിരുന്നില്ല. എന്ന് മാത്രമല്ല ചരിത്രത്തിലെ തന്നെ വൻ പരാജയങ്ങളിലൊന്നാണ് അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ 230 എണ്ണവും നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ തിരികെ എത്തിയത്.
അതേസമയം, മുംബൈ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 2025ൻ്റെ തുടക്കത്തിൽ തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. രണ്ട് ശിവസേന വിഭാഗങ്ങളും തമ്മിലുള്ള മറ്റൊരു സുപ്രധാന പോരാട്ടത്തിനാണ് മുംബൈ തദ്ദേശ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് മത്സരിച്ച് നേട്ടമുണ്ടാക്കാം എന്ന നിലപാടാണ് ഉദ്ധവ് വിഭാഗം സ്വീകരിക്കുന്നത്.
Author: VS NEWS DESK
pradeep blr